തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് എ എ റഹീം എംപി വീണ്ടും കേന്ദ്രമന്ത്രിക്ക് കത്തയച്ചു. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികളായ റെയിൽവെ ഇപ്പോഴും മൗനം തുടരുകയാണ്. റെയിൽവെയുടെ നിരുത്തരവാദപരമായ സമീപനം മാറ്റണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.
തമ്പാനൂര് റെയില്വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യങ്ങള് വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില് ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില് പെടുകയായിരുന്നു. മഴ പെയ്തപ്പോള് ജോയിയോട് കരയ്ക്കു കയറാന് ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള് പറഞ്ഞു. എന്നാല് തോടിന്റെ മറുകരയില് നിന്ന ജോയി ഒഴുക്കില് പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്വേയുടെ താല്ക്കാലിക തൊഴിലാളിയായ ജോയി.
റെയിൽവെ താത്കാലിക ജീവനക്കാരനായിട്ടും ജോയിയുടെ രക്ഷാപ്രവർത്തനവുമായി സഹകരിച്ചിരുന്നില്ലെന്ന് നഗരസഭ ആരോപിച്ചിരുന്നു. നഗരസഭയും സംസ്ഥാന സർക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സ്കൂബ ഡൈവർമാരടക്കമെത്തി 46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തകരപ്പറമ്പ് ഭാഗത്ത് വച്ച് തോട്ടിൽ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോയിയുടെ കുടുംബത്തിന് വീടുവച്ച് നൽകാൻ തിരുവനന്തപുരം കോർപ്പറേഷൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ജോയിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരക്കെ ഉയരുകയും ചെയ്തിരുന്നു.