ആലുവ: അടച്ചുപൂട്ടിയ പ്രേമം പാലത്തിന്റെ പൂട്ട് തകര്ത്തു. ഏതാനും ആഴ്ചകള്ക്ക് മുമ്പ് പെരിയാര്വാലി മൈനര് ഇറിഗേഷന് വകുപ്പിന്റെ നേതൃത്വത്തില് അക്വാഡക്ടിന് മൂന്ന് ഗേറ്റുകള് സ്ഥാപിച്ച് പൂട്ടിട്ടത്. സാമൂഹ്യവിരുദ്ധരുടെ നേതൃത്വത്തിലാണ് പൂട്ട് തകര്ത്തതെന്ന് നാട്ടുകാര് ആരോപിച്ചു. യുസി കോളേജ് ഭാഗത്തെ പൂട്ടാണ് തകര്ത്തത്. പെരിയാര്വാലി ഇറിഗേഷന് വകുപ്പ് പൊലീസില് പരാതിപ്പെട്ടിട്ടുണ്ട്. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇറിഗേഷന് വകുപ്പ് പുതിയ താഴിട്ട് ഗേറ്റ് പൂട്ടി.
സാമൂഹ്യ വിരുദ്ധരും മയക്കുമരുന്ന് മാഫിയയും തമ്പടിച്ചതോടെയാണ് ആലുവയിലെ അക്വാഡക്ട് പാലം അടച്ചത്. പെരിയാര്വാലി ജലസേചന പദ്ധതിയുടെ നീര്പാലമായ ഇതിലൂടെയുള്ള സഞ്ചാരം പെരിയാര്വാലി അധികൃതരാണ് തടഞ്ഞത്. പാലത്തിലേക്ക് കയറുന്ന വഴികളെല്ലാം അടച്ചുകൊണ്ട് ഇരുമ്പ് ഗ്രില്ലുകള് സ്ഥാപിക്കുകയും ചെയ്തു. പാലത്തില് സാമൂഹ്യവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയയുടെയും സാന്നിധ്യം സമീപപ്രദേശങ്ങളിലെ ജനങ്ങള്ക്ക് ശല്യമായി മാറിയിരുന്നു. ഇതുമൂലം പ്രദേശവാസികളുടെ അഭ്യര്ഥനപ്രകാരമാണ് പാലം അടച്ചത്.
കമിതാക്കളുടെയും മയക്കുമരുന്ന് മാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം വര്ധിക്കുന്നുവെന്നും പാലം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് വാര്ഡ് കൗണ്സിലര് ടിന്റു രാജേഷ് നവകേരളസദസില് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. ആലുവ മാര്ക്കറ്റിന് പിറകുവശത്ത് നിന്ന് പെരിയാറിന് മുകളിലൂടെയാണ് പാലം തുടങ്ങുന്നത്. പുഴകഴിഞ്ഞും കുഞ്ഞുണ്ണിക്കര, തോട്ടക്കാട്ടുകര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നീര്പാലം താഴ്ഭാഗത്തെ കനാലില് എത്തും. 50 വര്ഷം മുന്പ് പറവൂര്, ആലങ്ങാട് മേഖലകളിലേക്ക് പെരിയാര് വാലി കനാലില് നിന്ന് കൃഷിക്ക് വെള്ളം കൊണ്ടുപോകാന് വേണ്ടിയാണ് നീര്പാലം നിര്മിച്ചത്.
പിന്നീട് ഉളിയന്നൂര് കുഞ്ഞുണ്ണിക്കര ദ്വീപിലെ വാഹന സൗകര്യത്തിനു വേണ്ടി ചില മാറ്റങ്ങള് വരുത്തി ഇതിലേ വാഹന സൗകര്യം ആരംഭിച്ചു. വര്ഷങ്ങള്ക്കുശേഷം ഉളിയന്നൂരില് പുതിയ പാലം നിര്മിച്ചതോടെ ഇതുവഴിയുള്ള സഞ്ചാരം കുറഞ്ഞു. അല്ഫോന്സ് പുത്രന്റെ സംവിധാനത്തില് നിവിന് പോളി നായകനായി 2015-ല് പുറത്തിറങ്ങിയ 'പ്രേമം' സിനിമയില് ഈ പാലം പശ്ചാത്തലമായതോടെയാണ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്.