വയനാട്: ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ. റവന്യൂ റിക്കവറി ഭേദഗതി നിയമത്തിൻറെ അടിസ്ഥാനത്തിലാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ ഫേസ്ബുക്കിൽ കുറിച്ചു. അറിയിപ്പുണ്ടാകുന്നത് വരെ ജപ്തി നടപടികൾ നിർത്തി വെക്കുന്നതിനാണിത്.
നേരത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുൾപ്പെടെ വായ്പ തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരിച്ചടവ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്തബാധിതർക്ക് നോട്ടീസ് നൽകിയിരുന്നു. വായ്പ പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു.
എന്റെ ഭാഗത്ത് ന്യായമുണ്ട്, ഓടി ഒളിക്കില്ല: ആരോപണം തള്ളി നിവിന് പോളിവായ്പ്കൾ പൂർണ്ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോർഡുകളിൽ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് നേരത്തെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ദുരന്ത മേഖലയിലുള്ളവരിൽ നിന്നും ജൂലൈ 30ന് ശേഷം പിടിച്ച ഇഎംഐകൾ അതാത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്ന് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ദുരന്തമുണ്ടായതിന് ശേഷവും പല വിധത്തിലുള്ള തിരിച്ചടവുകൾ നടത്തേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണ നൽകാനാണ് ഈ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വയനാട് ജില്ലിയിലെ ചൂരൽമല ഉൾപ്പെടെ ദുരന്തബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിര താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഒരു അറിയിപ്പുണ്ടാകുന്നതു വരെ ജപ്തി നടപടികൾ നിർത്തി വെക്കുന്നതിനാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ ജൂലായ് മാസം നിയമസഭയിൽ അവതരിപ്പിച്ച് സഭ പാസാക്കിയ കേരള റവന്യൂ റിക്കവറി ഭേദഗതി നിയമത്തിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. സാധാരണ ഗതിയിൽ ജപ്തി നടപടികൾ നേരിടുമ്പോൾ റവന്യൂ മന്ത്രിയുടെ ഉത്തരവിൽ ജപ്തി സ്റ്റേ ചെയ്തും കുടിശ്ശിക തുക തവണകളായി അടക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ ചില ബാങ്കുകൾ കോടതിയിൽ പോവുകയും കോടതി സർക്കാരിന് ബാങ്കുകളുടെ ജപ്തി നടപടികൾ സ്റ്റേ ചെയ്യാനുള്ള അധികാരം ഇല്ലായെന്നും വിധിക്കുകയുണ്ടായി. ഈ വിധി സാധാരണക്കാരായ ജനങ്ങളെ ഒട്ടേറെ ബാധിക്കുകയുണ്ടായി. ഈ വിധിയുടെ മറവിൽ പല ധനകാര്യ സ്ഥാപനങ്ങളും കടുത്ത നടപടിയുമായും മുന്നോട്ടു പോവുകയുണ്ടായി. ആ പശ്ചാതലത്തിലാണ് റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിൻറെ ഫല പ്രഖ്യാപനത്തിന് ശേഷം 2024 ജൂലായ് 24 ന് ആണ് ഗവർണ്ണർ ഒപ്പിട്ട് നിയമമായി മാറിയത്. ആ നിയമമാണ് ഇപ്പോൾ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്ക് തുണയായത്. ആ നിയമത്തിൻറെ പിൻബലത്തിലാണ് സർക്കാരിന് ഇത്തരത്തിൽ വായ്പകളിൻമേൽ മൊറോട്ടോറിയം പ്രഖ്യാപിക്കാൻ കഴിഞ്ഞതെന്നതും യാഥാർത്ഥ്യമാണ്.