മുന്കൂര് ജാമ്യം: മുകേഷിന്റെയും ഇടവേള ബാബുവിന്റെയും അപേക്ഷയില് വിധി വ്യാഴാഴ്ച

സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്ട്ട് തേടി

dot image

കൊച്ചി: ലൈംഗികാതിക്രമ കേസില് പ്രതികളായ മുകേഷ്, ഇടവേള ബാബു, അഡ്വ. വി എസ് ചന്ദ്രശേഖരന് എന്നിവരുടെ മുന്കൂര് ജാമ്യാപേക്ഷയില് വിധി വ്യാഴാഴ്ച. വാദം പൂര്ത്തിയായ സാഹചര്യത്തിലാണ് എറണാകുളം പ്രിന്സിപ്പിള് സെഷന്സ് കോടതി മുന്കൂര് ജാമ്യാപേക്ഷ വിധി പറയാന് മാറ്റിയത്. മ്യൂസിയം പൊലീസ് രജിസ്റ്റര് ചെയ്ത കേസില് നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തിന്റെ റിപ്പോര്ട്ട് തേടി.

മുകേഷ് മരട് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലും ഇടവേള ബാബു എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലും പ്രതികളാണ്. നടിക്കെതിരെ അതിക്രമം നടത്തിയ കേസില് സെന്ട്രല് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് അഡ്വ. വിഎസ് ചന്ദ്രശേഖരന് പ്രതി. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ് എന്നായിരുന്നു പ്രൊസിക്യൂഷന് കോടതിയെ അറിയിച്ചത്. ഈ ഘട്ടത്തില് പ്രതികള്ക്ക് മുന്കൂര് ജാമ്യം നല്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രൊസിക്യൂഷന് നിലപാടെടുത്തു.

അതേസമയം ഫോര്ട്ട് കൊച്ചി പൊലീസ് രജിസ്റ്റര് ചെയ്ത കേസില് മണിയന്പിള്ള രാജു നല്കിയ മൂന്കൂര് ജാമ്യാപേക്ഷ സെഷന്സ് കോടതി തീര്പ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് മണിയന്പിള്ള രാജുവിനെതിരെ ചുമത്തിയത് എന്ന് പ്രൊസിക്യൂഷന് കോടതിയെ അറിയിച്ചു. തുടര്ന്ന് സ്റ്റേഷനില് ഹാജരായി ജാമ്യം തേടാമെന്ന് അറിയിച്ച കോടതി ഹര്ജി തീര്പ്പാക്കുകയായിരുന്നു.

ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട നടന് സിദ്ദിഖിന്റെ മുന്കൂര് ജാമ്യാപേക്ഷയില് ഹൈക്കോടതി അന്വേഷണ സംഘത്തോട് റിപ്പോര്ട്ട് തേടിയിട്ടുണ്ട്. പത്ത് ദിവസത്തിനകം റിപ്പോര്ട്ട് നല്കണമെന്നാണ് പൊലീസിന് സിംഗിള് ബെഞ്ചിന്റെ നിര്ദേശം. എറണാകുളം നോര്ത്ത് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് സംവിധായകന് രഞ്ജിത്തിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. കേസില് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നോര്ത്ത് പൊലീസ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image