കൊച്ചി: മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. മണിയൻ പിള്ള രാജുവിന് എതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
മണിയൻ പിള്ള രാജുവിന് സ്റ്റേഷനിൽ ഹാജരായി ജാമ്യം തേടാം എന്ന് കോടതി ഉത്തരവിട്ടു. മണിയൻ പിള്ള രാജുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി.
പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകരുതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം. നടികൾ രഹസ്യ മൊഴികളടക്കം നൽകിയ സാഹചര്യത്തിൽ മുൻ കൂർ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപെടുത്താനും സാധ്യതയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം വാദിക്കുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ നടത്തേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ലൈംഗിക പീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റിയെടുത്തിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തില് മുകേഷ് രാജി വെക്കേണ്ടതില്ല എന്നായിരുന്നു സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ആ നിലപാടിൽ തന്നെ ഉറച്ച് നിൽക്കാൻ യോഗം തീരുമാനിച്ചു. ബ്ലാക്ക് മെയില് തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന് കഴിയുന്ന തെളിവുകളും മുകേഷ് പാര്ട്ടിക്ക് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നൽകാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.
നടിയുടെ ലെെംഗികാതിക്രമ പരാതിയില് ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് നടി ഇമെയില് മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കുകയായിരുന്നു. തുടര്ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.