കണ്ണൂര്: പി വി അന്വര് എംഎല്എയുടെ ആരോപണങ്ങളില് പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞെന്ന് മാത്രമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. പാര്ട്ടി ഒളിച്ചോടുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം പ്രകോപിതനാവുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അരമണിക്കൂര് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാക്കുകള് മയപ്പെടുത്തിയാണ് അന്വര് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് നല്കിയ പരാതി പാര്ട്ടി സെക്രട്ടറി എം വി ഗോവിന്ദന് നല്കുമെന്നും ഇതോടെ തന്റെ ഉത്തരവാദിത്തം തീര്ന്നെന്നുമായിരുന്നു അന്വറിന്റെ പ്രതികരണം. ബാക്കിയെല്ലൊ സര്ക്കാരും പാര്ട്ടിയും താരുമാനിക്കട്ടെയെന്നും അന്വര് പറഞ്ഞു.
മുഖ്യമന്ത്രിയും പി വി അന്വറും തമ്മിലുള്ള കൂടിക്കാഴ്ച മുക്കാല് മണിക്കൂറോളം നീണ്ടിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ചര്ച്ച. വിഷയത്തില് സുതാര്യമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്കിയിട്ടുണ്ട്. മാധ്യമങ്ങളെ കണ്ട് കാര്യങ്ങള് വിശദീകരിക്കാന് മുഖ്യമന്ത്രി അന്വറിന് അനുവാദം നല്കിയതിനൊപ്പം തന്നെ നടപടിക്രമങ്ങള് പാലിക്കണമെന്നും ആവശ്യപ്പെട്ടു.
കൂടിക്കാഴ്ചയില് പൊലീസ് ഉദ്യോഗസ്ഥരേക്കാള് അന്വര് പരാതിപ്പെട്ടത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിയെ കുറിച്ചായിരുന്നുവെന്നാണ് വിവരം. പി ശശി ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചു. പി ശശിക്കെതിരെ മുഖ്യമന്ത്രിയോട് നിരവധി പരാതികളാണ് അന്വര് ഉന്നയിച്ചത്. പി ശശി ഉത്തരവാദിത്തങ്ങളില് വീഴ്ച വരുത്തുന്നുവെന്ന് അന്വര് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പാര്ട്ടിക്കും ശശിയെ കുറിച്ച് പരാതി നല്കുമെന്നും അന്വര് പറഞ്ഞു. മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങള് ശ്രദ്ധയില്പ്പെടുത്തുകയും പ്രധാന കാര്യങ്ങള് എഴുതികൊടുക്കുകയും ചെയ്തതായി പി വി അന്വര് പറഞ്ഞിരുന്നു.