പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും പി കെ ശശിയെ മാറ്റണമെന്ന് പാലക്കാട് സിപിഐഎം സെക്രട്ടേറിയേറ്റിൽ ആവശ്യം. സംസ്ഥാന നേതൃത്വത്തിന് ശുപാർശ നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയറ്റ് ആണ് ഇത് സംബന്ധിച്ച ആവശ്യമുന്നയിച്ചത്. പി കെ ശശിയെ സിഐടിയു നേതൃത്വത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചാല് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും പി കെ ശശി മാറ്റിനിർത്തപ്പെടും. സഹകരണ സ്ഥാപനങ്ങൾ സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു, മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിനുള്ള ഫണ്ടിൽ തിരിമറി തുടങ്ങി പാർട്ടിക്കകത്തു നിന്ന് തന്നെ പി കെ ശശിക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. പരാതികൾ സംസ്ഥാന കമ്മിറ്റിയെ ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. തുടർന്ന് കമ്മിറ്റി രൂപീകരിക്കുകയും അന്വേഷണത്തിൽ സിപിഐഎം നേതാവിൻ്റെ ഭാഗത്തുനിന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന് ശേഷം പി കെ ശശിയെ ജില്ലാ കമ്മിറ്റി സ്ഥാനത്തുനിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു.
നേരത്തെ കെടിഡിസി ചെയർമാൻ പദവി രാജിവേക്കേണ്ടതില്ലെന്ന് പി കെ ശശി പറഞ്ഞിരുന്നു. ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിനുള്ള ഫണ്ടിൽ തിരിമറി നടത്തിയത് സംബന്ധിച്ച അന്വേഷണം നടത്തിയത് പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ്. പിന്നാലെ പി കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.