Jan 22, 2025
12:42 AM
വയനാട്: വിവാദങ്ങള്‍ക്കിടെ എഡിജിപി എം ആര് അജിത് കുമാറിനെതിരെ വയനാട് സിപിഐ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവെന്നാണ് ആരോപണം. അജിത് കുമാറിന്റെ പല ഇടപെടലുകളിലും തങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇ കെ ബാബു പറഞ്ഞു.
മികച്ച രീതിയില്‍ പോയ രക്ഷാ പ്രവര്‍ത്തനത്തില്‍ അനാവശ്യ വിവാദം ഉണ്ടാക്കിയത് എഡിജിപിയാണ്. സന്നദ്ധസംഘടനകള്‍ ഭക്ഷണം കൊടുക്കരുത് എന്ന് പറഞ്ഞ് അദ്ദേഹം അനാവശ്യവിവാദം ഉണ്ടാക്കിയെന്നും സിപിഐ ആരോപിച്ചു.
'വയനാട് ദുരന്തം ഉണ്ടായി മണിക്കൂറുകള്‍ക്കകം മന്ത്രി കെ രാജന് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. നൂറ് കണക്കിന് വളണ്ടിയര്‍മാര്‍ സന്നദ്ധസേവനം ചെയ്തുകൊണ്ടിരിക്കെ അവര്‍ക്കുവേണ്ടി ഭക്ഷണം അടക്കം വിതരണം ചെയ്തത് വയനാട്ടിലെ വിവിധ സന്നദ്ധസംഘടനകള്‍ തന്നെയാണ്. എന്നാല്‍ അവര്‍ ഭക്ഷണം കൊടുക്കേണ്ടതില്ല. സര്‍ക്കാര്‍ എത്തിക്കുമെന്ന് പറഞ്ഞത് എഡിജിപി എംആര്‍ അജിത് കുമാര്‍ ആയിരുന്നു. അന്നു തന്നെ ഇദ്ദേഹത്തിന്റെ പലപ്രവര്‍ത്തനങ്ങളിലും സംശയമുണ്ടായിരുന്നു', എന്നാണ് സിപിഐയുടെ ജില്ലാ സെക്രട്ടറിയുടെ ആരോപണം.
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെയാണ് അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി സിപിഐയും രംഗത്തെത്തുന്നത്. ഫോണ്‍ ചോര്‍ത്തല്‍, കൊലപാതകം, സ്വര്‍ണക്കടത്ത് അടക്കം ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പി വി അന്‍വര്‍ അജിത് കുമാറിനെതിരെ രംഗത്തെത്തിയത്. ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനല്‍ ആണ് അജിത് കുമാര്‍ എന്നും തൃശൂര്‍ പൂരം പൊളിച്ചതില്‍ അജിത് കുമാറിന് പങ്കുണ്ടെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത് ദാസിനെതിരായ മരം മുറി കേസില്‍ നിന്നും ആരംഭിച്ച വിവാദമാണ് സംസ്ഥാന പൊലീസിനെ നാണം കെടുത്തുന്നത്.
അതിനിടെ ഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആരോപണങ്ങള്‍ അന്വേഷിക്കും. എന്നാല്‍, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടുത്തിയത് വിവാദമായി.