കൊച്ചി: നടന് മോഹന്ലാലിനെതിരെ അപകീര്ത്തി പരാമര്ശം നടത്തിയെന്ന കേസിലെ പ്രതിയായ യൂട്യൂബര് അജു അലക്സ് (ചെകുത്താന്) ഹൈക്കോടതിയില്. കേസില് ജാമ്യം ലഭിച്ചിട്ടും പൊലീസ് തന്നെ പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ഹര്ജി നല്കിയത്. പൊലീസ് ദ്രോഹിക്കുന്നുവെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് ഹര്ജി. ജസ്റ്റിസ് വി ജി അരുണ് ഹര്ജിയില് വിശദീകരണം തേടി.
ഇന്ത്യന് ടെറിട്ടോറിയല് ആര്മിയില് ലെഫ്റ്റനന്റ് കേണല് പദവി വഹിക്കുന്ന മോഹന്ലാല് പട്ടാള യൂണിഫോമില് വയനാട് ഉരുള്പൊട്ടല് ദുരന്തമുണ്ടായ സ്ഥലം സന്ദര്ശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താന് യുട്യൂബ് ചാനലിലൂടെ അപകീര്ത്തിപ്പെടുത്തി പരാമര്ശം നടത്തിയത്. എഎംഎംഎ ജനറല് സെക്രട്ടറിയായിരുന്ന നടന് സിദ്ദിഖിന്റെ പരാതിയിലാണ് കേസെടുത്തത്.
വീഡിയോ ഇറങ്ങി മണിക്കൂറുകള്ക്കകം പൊലീസ് അജുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ശേഷം ജാമ്യത്തിലിറങ്ങിയ അജു അലക്സ് പൊലീസിനെതിരെ രൂക്ഷ വിമര്ശനവുമായി രംഗത്തെത്തി. പൊലീസ് തന്നെ ലോക്കപ്പിലാക്കി. കൊച്ചിയില് നിന്നും തന്റെ ട്രൈപോഡ് മൈക്കുകള്, മറ്റു ഉപകരണങ്ങള് എന്നിവ പിടിച്ചെടുത്തു. തനിക്കെതിരെ ഏതൊക്കെ വകുപ്പുകള് ചുമത്തി എന്നുള്ളത് ഓര്ക്കുന്നില്ലെന്നുമായിരുന്നു അജു അലക്സിന്റെ പ്രതികരണം.