തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിനോയ് വിശ്വം റിപ്പോർട്ടറിനോട് പറഞ്ഞു. ഗൗരവമായി ചിന്തിച്ച് നടപടിയെടുക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതിൽ അന്നുതന്നെ സംശയമുണ്ടായിരുന്നു. അത് സംഭവിച്ചത് സ്വാഭാവിക നടപടിയല്ല. ഗൗരവത്തിൽ തന്നെ അതിനെ കാണണം.
ഓരോ ആരോപണങ്ങളും ഗൗരവമുള്ളതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി വി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്ന ബിനോയ് വിശ്വത്തിനെ കെ സുരേന്ദ്രൻ ഇന്ന് വിമർശിച്ചിരുന്നു. ബിനോയ് വിശ്വത്തിന്റെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. കാനം രാജേന്ദ്രനും വെളിയം ഭാർഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതേസമയം, പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എസ്പി സുജിത്ത് ദാസ് ഇന്ന് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സുജിത്ത് ദാസിനോട് ഡിജിപി നിർദേശം നൽകിയിരുന്നു. പത്തനംതിട്ട എസ്പിയായി വിജി വിനോദ് കുമാർ ഐ പി എസ് ഇന്ന് പകരം ചുമതലയേൽക്കും. രാവിലെ പതിനൊന്നേകാലിന് വിനോദ് കുമാർ എസ്പിയായി ചുമതലയേൽക്കുമെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം. വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് എസ്പി സ്ഥാനത്തേക്ക് എത്തുന്നത്. വിജിലൻസ് കോട്ടയം റേയ്ഞ്ച് എസ്പി യായും വിജി വിനോദ് കുമാർ ചുമതല വഹിച്ചിട്ടുണ്ട്.
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിജിപി ആയാലും തന്റെ സേവനം പി വി അൻവറിന് ലഭിക്കുമെന്ന വാഗ്ദാനവും എസ് പി സുജിത് ദാസ് ഫോണിലൂടെ നടത്തുന്നുണ്ട്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളും എസ്പി സുജിത്ത് ദാസ് ഉന്നയിക്കുന്നുണ്ട്. സേനയിൽ അജിത്ത് കുമാർ സർവ്വശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത്ത് കുമാർ ആണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാർ, തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് സുജിത്ത് ദാസ് ഉയർത്തിയത്. എഡിജിപി അജിത് കുമാറിനെതിരെയും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.