കൊച്ചി: അഭിഭാഷകനെ അപമാനിച്ച കേസിൽ ആലത്തൂർ മുൻ എസ്ഐക്ക് രണ്ട് മാസം തടവ്. ആലത്തൂർ മുൻ എസ്ഐ വി ആർ റെനീഷിനെതിരായ കോടതിയലക്ഷ്യക്കേസിലാണ് ഹൈക്കോടതിയുടെ നടപടി. ശിക്ഷാവിധി നടപ്പാക്കുന്നത് ഒരു വർഷത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. കേസ് ഗൗരവമുള്ളതാണെന്നും ഒരു വർഷത്തെ കാലയളവിൽ സമാന കുറ്റകൃത്യത്തിലേർപ്പെട്ടാൽ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസിൽ വാദം കേട്ടത്. ഒമ്പത് മാസക്കാലമായി കേസിൽ വി ആർ റെനീഷിനെതിരായ വാദം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് ഹർജികളിൽ തീർപ്പ് കൽപിച്ച കോടതി മുൻ എസ്ഐക്ക് രണ്ട് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധി ഒരു വർഷത്തേക്ക് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഈ കാലയളവിൽ സമാനമായ മറ്റൊരു കുറ്റകൃത്യത്തിലും പ്രതിയാകരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നല്ല നടപ്പിനും കോടതി നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനെ അപമാനിച്ചുവെന്ന കുറ്റം വി ആര് റെനീഷ് സമ്മതിച്ചിരുന്നു. കുറ്റകൃത്യത്തിന്മേല് വിആര് റെനീഷ് നല്കിയ നിരുപാധികം മാപ്പപേക്ഷയും ഹൈക്കോടതി അംഗീകരിച്ചു.
ഈ വർഷം ജനുവരിയിൽ ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തിൽപ്പെട്ട വാഹനം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് അന്നത്തെ എസ്ഐ റെനീഷ് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. ഇതിന് പിന്നാലെ പൊലീസ് അഭിഭാഷകനെതിരെ കേസെടുത്തിരുന്നു. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എസ്ഐക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം കോടതി പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിരാണ് മുൻ എസ്ഐയുടെ പ്രതികരണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിഷയത്തിൽ ഇടപെട്ടത്.