തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട എസ്പി സുജിത്ത് ദാസ് ഇന്ന് പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യും. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് പിന്നാലെ പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ സുജിത്ത് ദാസിനോട് ഡിജിപി നിർദേശം നൽകിയിരുന്നു. അതേ സമയം പത്തനംതിട്ട എസ്പിയായി വിജി വിനോദ് കുമാർ ഐ പി എസ് ഇന്ന് പകരം ചുമതലയേൽക്കും.
രാവിലെ പതിനൊന്നേകാലിന് വിനോദ് കുമാർ എസ്പിയായി ചുമതലയേൽക്കുമെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ലഭിക്കുന്ന വിവരം. വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് എസ്പി സ്ഥാനത്തേക്ക് എത്തുന്നത്. വിജിലൻസ് കോട്ടയം റേയ്ഞ്ച് എസ്പി യായും വിജി വിനോദ് കുമാർ ചുമതല വഹിച്ചിട്ടുണ്ട്.
എസ് പി ക്യാംപ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് എംഎൽഎ പി വി അൻവറിനോട് എസ് പി സുജിത് ദാസ് പറയുന്ന ഫോൺ സംഭാഷണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡിജിപി ആയാലും തന്റെ സേവനം പി വി അൻവറിന് ലഭിക്കുമെന്ന വാഗ്ദാനവും എസ് പി സുജിത് ദാസ് ഫോണിലൂടെ നടത്തുന്നുണ്ട്. എഡിജിപി എം ആർ അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങളും എസ്പി സുജിത്ത് ദാസ് ഉന്നയിക്കുന്നുണ്ട്. സേനയിൽ അജിത്ത് കുമാർ സർവ്വശക്തനാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത് എം ആർ അജിത്ത് കുമാർ ആണ്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ വലംകൈയാണ് അജിത്ത് കുമാർ, തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് സുജിത്ത് ദാസ് ഉയർത്തിയത്. എഡിജിപി അജിത് കുമാറിനെതിരെയും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്.
പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് എസ് സുജിത്ത് ദാസിനെ മാറ്റി