കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേര് പരാമർശിച്ചിട്ടുള്ള ഒരു നടൻ പണ്ട് തന്നെ ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് നടി സൗമ്യ. മലയാളം ഇൻഡസ്ട്രിയിലെ നടന്മാര്, സംവിധായകര്, ടെക്നീഷ്യന്മാര് തുടങ്ങിയവര് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സൗമ്യ വെളിപ്പെടുത്തി. ഒരു തമിഴ് സംവിധായകന് തന്നെ ലൈംഗിക അടിമയാക്കി മാറ്റിയിരുന്നതായുള്ള അതിഗുരുതര ആരോപണവും സൗമ്യയുടെ ഭാഗത്തുനിന്നുണ്ടായി. എന്നാല് നടന്റെയോ സംവിധായകന്റെയോ പേര് സൗമ്യ വെളിപ്പെടുത്തിയില്ല.
വളരെ മോശം അനുഭവമാണ് മലയാളസിനിമാ മേഖലയില് താന് നേരിട്ടത്. ഒരിക്കൽ തന്റെമേൽ ഒരാൾ പാൻ ചവച്ച് തുപ്പുകയും ചെയ്തിട്ടുണ്ട്. ഇതില് നിന്നൊക്കെ ഉണ്ടായ ട്രോമയില് നിന്ന് പുറത്തുവരാൻ തനിക്ക് 30 വർഷം വേണ്ടിവന്നു. ഇത്തരം അനുഭവങ്ങൾ നേരിട്ടിട്ടുള്ളവർ മുന്നോട്ട് വന്ന് അവരുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ താൻ പ്രോത്സാഹിപ്പിക്കുന്നെന്നും സൗമ്യ കൂട്ടിച്ചേർത്തു.
പേര് വെളിപ്പെടുത്താത്ത ഒരു തമിഴ് സംവിധായകനിൽ നിന്ന് ഒരു വർഷത്തോളം തനിക്ക് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സൗമ്യ പറയുന്നത്. മാനസികവും ശാരീരികവും ലൈംഗികവുമായ ആക്രമണം നേരിട്ടു. തന്നെയൊരു ലൈംഗിക അടിമയായി ആണ് ആ സംവിധായകൻ കണക്കാക്കിയതെന്നും സൗമ്യ എൻഡിടിവിയോട് പറഞ്ഞു. പതിനെട്ടാം വയസ്സിൽ കോളേജിൽ ആദ്യവർഷം പഠിക്കുമ്പോൾ കോളേജ് തിയേറ്റർ കോൺടാക്റ്റ് വഴിയാണ് അഭിനയിക്കാനുള്ള അവസരം തനിക്ക് ലഭിക്കുന്നത്. അങ്ങനെയാണ് ആ സംവിധായകനെ പരിചയപ്പെടുന്നതും അയാളുടെ സിനിമയിലേക്ക് അഭിനയിക്കാൻ എത്തുന്നതും. കുട്ടിക്കാലത്ത്, തന്റെ വീടിനടുത്ത് താമസിച്ചിരുന്ന നടി രേവതിയെ കണ്ടാണ് തന്റെയുള്ളിൽ സിനിമാമോഹം ഉണ്ടായതെന്നും സൗമ്യ പറയുന്നു.
സംവിധായകന്റെ ഭാര്യയാകും സിനിമയുടെ സംവിധായിക എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്, എന്നാൽ അയാൾ തന്നെയായിരുന്നു സിനിമയുടെ ചുമതലയിലുണ്ടായിരുന്നത്. സംവിധായകനും ഭാര്യയും തന്നെ പലപ്പോഴും അവരുടെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നെന്നും ഭക്ഷണം നല്കാറുണ്ടായിരുന്നെന്നും സൗമ്യ വെളിപ്പെടുത്തി. തന്നോട് വളരെ നല്ല രീതിയിലായിരുന്നു അവർ ആദ്യമൊക്കെ പെരുമാറിയത്. എന്നാല്, ഒരു ദിവസം ഭാര്യ അടുത്തില്ലാതിരുന്ന സമയത്ത് സംവിധായകൻ തന്റെ അടുത്ത് വന്നിരുന്ന് മോളെ എന്ന് വിളിച്ച് തന്റെ അനുവാദമില്ലാതെ ചുംബിച്ചു. ആ സമയത്ത് താൻ പൂർണമായും മരവിച്ച് പോയിരുന്നു. താൻ തെറ്റ് ചെയ്തുവെന്നും ആ സംവിധായകനോട് നല്ല രീതിയിൽ പെരുമാറാൻ ഞാൻ ബാധ്യസ്ഥയാണെന്നും ഉള്ള മിഥ്യാധാരണയാണ് അപ്പോഴുണ്ടായത്. അതിനാല് ഈ വിഷയത്തെക്കുറിച്ച് ആരോടും പറഞ്ഞില്ലെന്നും സൗമ്യ കൂട്ടിച്ചേർത്തു.
'ക്രമേണ, പടിപടിയായി, ആ സംവിധായകൻ എൻ്റെ ശരീരം പൂർണ്ണമായും അയാളുടെ നേട്ടത്തിനായി ഉപയോഗിച്ചു. ചില സമയങ്ങളിൽ അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഞാൻ കോളേജിൽ പഠിക്കുമ്പോൾ ഒരു വർഷത്തോളം ഇത് തുടർന്നു'- സൗമ്യ പറഞ്ഞു.
'എല്ലാവരും സഹായിച്ചു, എൻ്റെ കുട്ടിയെ കണ്ട്, കൂടെ താമസിച്ച് മരിക്കാൻ വിധി തരട്ടെ'; റഹീമിൻ്റെ ഉമ്മകഴിഞ്ഞ മാസമാണ് സിനിമക്കുള്ളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ അടങ്ങുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നിരവധി അഭിനേതാക്കൾക്കെതിരെയാണ് ലൈംഗികാതിക്രമണ കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടത്. ആഗസ്റ്റ് 22 ന് റിപ്പോര്ട്ടിന്റെ പൂര്ണരൂപം ഹൈക്കോടതിക്ക് കൈമാറണമെന്ന് ഉത്തരവിട്ടിരുന്നു. റിപ്പോര്ട്ട് സെപ്റ്റംബര് ഒന്പതിന് മുമ്പ് സര്ക്കാര് ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്ട്ടിന്റെ പൂര്ണ രൂപത്തിന് പുറമെ മൊഴിപ്പകര്പ്പുകള്, റിപ്പോര്ട്ടിന് പിന്നാലെ സര്ക്കാര് സ്വീകരിച്ച നടപടികള്, ആരോപണങ്ങള് അന്വേഷിക്കാന് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്, ഇതിലെ കേസുകള് എന്നിവയാണ് കോടതിക്ക് കൈമാറുക.