
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മാര്ച്ചിനെതിരായ പൊലീസ് ലാത്തി ചാര്ജില് രൂക്ഷവിമര്ശനവുമായി കെപിസിസി അധ്യക്ഷന് കെ സുധാകരന്. മുദ്രാവാക്യം വിളിക്കുന്നവരുടെ തലകീറി കൊല്ലുന്നതാണോ പൊലീസിന്റെ പണിയെന്ന് കെ സുധാകരന് പറഞ്ഞു. സമരത്തെ അടിച്ചമര്ത്താന് കഴിയില്ല. ഒരു അബിന്വര്ക്കിയല്ല, നൂറ് അബിന് വര്ക്കിമാര് വരും. അതിനുള്ള കരുത്ത് കോണ്ഗ്രസിനുണ്ടെന്നും കെ സുധാകരന് പറഞ്ഞു.
'സിന്ദാബാദ് വിളിച്ചതാണോ നമ്മുടെ കുട്ടികള് ചെയ്ത തെറ്റ്. മുദ്രാവാക്യം വിളിച്ചവരെ തലക്കടിച്ച്, തലകീറി ചോരയൊലിപ്പിച്ച് കൊല്ലാനാണോ? അങ്ങനെ നിയമുണ്ടോ? ഏത് പൊലീസിനാണ് അതിന് അധികാരം. അക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാന് തീരുമാനിക്കും. ആ തീരുമാനം, സിപിഐഎമ്മിന് അപ്പോള് കാണാം. സമരത്തെ അടിച്ചമര്ത്താന് കഴിയില്ല. ഒരു അബിന്വര്ക്കിയല്ല, നൂറ് അബിന് വര്ക്കിമാര് വരും. അതിനുള്ള കരുത്ത് കോണ്ഗ്രസിനുണ്ട്. പൊലീസിന് അറസ്ററ് ചെയ്യാം. എന്നാല് തലകീറി തല്ലി, പെണ്കുട്ടികളെ ഡ്രസ് വലിച്ചൂരുന്നതല്ല പൊലീസിന്റെ പണി. അഭിമാനവും അന്തസ്സും യോഗ്യതയുമുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തില്. കാട്ടുമൃഗങ്ങളെ പോലെയല്ലെ തല്ലിയത്. ഈ സമരം പാര്ട്ടി ഏറ്റെടുക്കും', എന്നും കെ സുധാകരന് പറഞ്ഞു.
നിലമ്പൂര് എംഎല്എ പി വി അന്വര് എംഎല്എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്ച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. അബിന് ആശുപത്രിയില് ചികിത്സ തേടി.
ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവര്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.