'വികാരത്തള്ളിച്ചയില് സംഭവിച്ച ഒരു കൈപ്പിഴ'; സ്പീക്കര് കസേരയില് തൊട്ടത് അബദ്ധമായെന്ന് കെ ടി ജലീല്

'നിയമസഭയില് ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര് വലിച്ചിട്ടത് ശരിയായില്ല'

dot image

കോഴിക്കോട്: ബാര്ക്കോഴ വിവാദത്തിനിടെ നിയമസഭയില് നടന്ന കയ്യാങ്കളിയില് സ്പീക്കറുടെ കസേരയില് താന് തൊടാന് പാടില്ലായിരുന്നുവെന്നും അതൊരു അബദ്ധമായി പോയെന്നും മുന് എംഎല്എ കെ ടി ജലീല്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൊന്നിന് മറുപടിയായിട്ടാണ് കെ ടി ജലീലിന്റെ പ്രതികരണം. മനുഷ്യന്റെ വികാരത്തള്ളിച്ചയില് സംഭവിച്ച ഒരു കൈപ്പിഴയായിരുന്നു അതെന്നും കെ ടി ജലീല് പ്രതികരിച്ചു.

നിയമസഭയില് ഇ പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ ചെയര് വലിച്ചിട്ടത് ശരിയായില്ല. താങ്കള് അസംബ്ലിയില് പോയിരുന്നില്ലെങ്കില് പിഎസ്എംഒ കോളേജില് പ്രിന്സിപ്പല് ആകേണ്ടയാളായിരുന്നു. കോളേജില് എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായാലും താങ്കള് വരുമ്പോള് വിദ്യാര്ത്ഥികള് താങ്കളുടെ ചെയര് വലിച്ചെറിഞ്ഞാല് എന്തായിരിക്കും താങ്കളുടെ നിലപാട് എന്നായിരുന്നു ചോദ്യം.

ബാര്കോഴ വിവാദത്തിനിടെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന് അന്ന് പ്രതിപക്ഷത്തായിരുന്ന എല്ഡിഎഫ് രംഗത്തെത്തുകയും കയ്യാങ്കളിയില് കലാശിക്കുകയായിരുന്നു. അതേസമയം ജലീലിന്റെ കമന്റില് പ്രതികരിച്ച് മുന് എംഎല്എ വി ടി ബല്റാം രംഗത്തെത്തി. ജലീലിന്റെ തുറന്നുപറച്ചിലിനെ സ്വാഗതം ചെയ്യുന്നുവെന്നും കുറ്റസമ്മതത്തിന് പ്രസക്തിയുണ്ടെന്നുമാണ് വി ടി ബല്റാം പ്രതികരിച്ചത്.

'നിയമസഭയ്ക്കകത്ത് അഴിഞ്ഞാട്ടം നടത്തിയതും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടതും തെറ്റായിപ്പോയി എന്ന് ശ്രീ. കെ ടി ജലീൽ എംഎൽഎ തുറന്നുപറയുന്നതിനെ സ്വാഗതം ചെയ്യുന്നു. അബദ്ധമെന്നും വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ എന്നുമാണ് ജലീൽ ഈ പ്രവൃത്തിയേക്കുറിച്ച് ഏറ്റുപറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് സ്വയം റിട്ടയർമെന്റ് പ്രഖ്യാപിച്ചതിന് ശേഷമാണെങ്കിലും ജലീലിന്റെ ഈ കുറ്റസമ്മതത്തിന് പ്രസക്തിയുണ്ട്.

സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ! ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടത് ' എന്നുമാണ് വി ടി ബല്റാമിന്റെ പ്രതികരണം.

dot image
To advertise here,contact us
dot image