കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസ് പൊലീസ് അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി കുടുംബം. സിബിഐ അന്വേഷണം കുടുംബത്തിന്റെ ആവശ്യം ആയിരുന്നുവെന്ന് മാമിയുടെ സഹോദരി റംല പറഞ്ഞു. കേസ് വഴിത്തിരിവില് എത്തിനില്ക്കയാണ് സിബിഐക്ക് കൈമാറുന്നത് എന്ന വാദം തെറ്റാണെന്നും റംല മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂര് എംഎല്എ പി വി അന്വറിന്റെ വെളിപ്പെടുത്തല് ഞെട്ടിച്ചുവെന്നും എഡിജിപി നിയോഗിച്ച സംഘം അന്വേഷിച്ചതില് വിശ്വാസ കുറവുണ്ടെന്നും റംല പ്രതികരിച്ചു. അന്വേഷണത്തില് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഒരു ദൃശ്യം പോലും കണ്ടെത്താന് പൊലീസിന് കഴിഞ്ഞില്ലെന്നും റംല പറഞ്ഞു.
മാമി തിരോധാനക്കേസിന്റെ അന്വഷണം സിബിഐക്ക് വിടണമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്ത് വിട്ടിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കുടുംബമായിരുന്നു കോടതിയെ സമീപിച്ചത്. പുതിയ അന്വേഷണ സംഘത്തില് മലപ്പുറം എസ്പി ഒഴിച്ച് പഴയ അംഗങ്ങള് തന്നെയാണുള്ളത്. അന്വര് എംഎല്എയുടെ ആരോപണങ്ങള്ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്വറിന്റെ ആരോപണം.
മാമി തിരോധാന കേസ് സിബിഐക്ക്; തീരുമാനം ഹൈക്കോടതി ഉത്തരവ് പ്രകാരംകഴിഞ്ഞ വര്ഷം ഓഗസ്റ്റ് 21നാണ് പ്രധാന റിയല് എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിനെ കാണായത്. അരയിടത്തുപാലത്തെ ഓഫീസില് നിന്നും വീട്ടിലേക്കിറങ്ങിയ മാമിയെ കാണാതാവുകയായിരുന്നു. തലക്കുളത്താണ് മാമിയുടെ ഫോണിന്റെ അവസാന ലൊക്കേഷന് കാണിച്ചിരുന്നത്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
നടക്കാവ് പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈല് ടവര് ലൊക്കേഷനും ഉള്പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും ഈ അന്വേഷണത്തിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നാലെ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. മലപ്പുറം എസ്പിയുടെ നേല്നോട്ടത്തില് പുതിയ സംഘത്തെ എഡിജിപി അജിത് കുമാറാണ് നിയോഗിച്ചത്. ഇപ്പോഴുള്ള അന്വേഷണവും തൃപ്തികരമല്ലെന്ന് കുടുംബം പ്രതികരിച്ചിരുന്നു.