തിരുവനന്തപുരം: സിനിമ നയം കരട് രൂപീകരണ സമിതിയില് നിന്നും നടനും എംഎല്എയുമായ മുകേഷിനെ ഒഴിവാക്കി. സിപിഐഎമ്മിന്റെ നിര്ദേശപ്രകാരമാണ് പീഡനകേസില് പ്രതിയായ മുകേഷിനെ മാറ്റിയത്. സിനിമ നയ രൂപീകരണ സമിതിയില് നിന്നും മുകേഷിനെ ഒഴിവാക്കണം എന്നാവശ്യം ശക്തമായിരുന്നു.
ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന് കരുണ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, മഞ്ജു വാര്യര്, ബി ഉണ്ണികൃഷ്ണന്, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്, സന്തോഷ് കുരുവിള, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്.
ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടെയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന് കരുണ് അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയില് ആരോപണം നേരിടുന്ന വ്യക്തി തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങള് പഠിച്ച് നയം രൂപീകരിക്കാനുള്ള സമിതിയില് അംഗമാകുന്നതിലൂടെ സര്ക്കാര് എന്ത് നയമാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യം.