ലൈംഗികപീഡനക്കേസ്; മുൻകൂർ ജാമ്യം തേടാൻ നിവിൻ പോളി, ഇന്ന് കോടതിയെ സമീപിച്ചേക്കും

അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന് എതിരായ യുവതിയുടെ പരാതി

dot image

കൊച്ചി: ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകനുമായി നടൻ കൂടിക്കാഴ്ച നടത്തി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന് എതിരായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ. ഊന്നുകൽ സ്വദേശിയാണ് പരാതിക്കാരി.

നിലവിൽ ഊന്നുകൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എറണാകുളം റൂറൽ പൊലീസിനാണ് പരാതി ലഭിച്ചത്. വിഷയത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്.എന്നാൽ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്നാണ് കഴിഞ്ഞദിവസം പരാതിക്കാരി പറഞ്ഞത്. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിൻ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു.

അതേസമയം, ആരോപണത്തിന് പിന്നാലെ പീഡന പരാതിയിൽ അടിസ്ഥാനമില്ലെന്ന് നടൻ നിവിൻ പോളി തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും താരം പ്രതികരിച്ചിരുന്നു. പീഡന പരാതി ഉയർന്നതിന് പിന്നാലെ നടൻ ഫേസ്ബുക്കിലൂടെയും പ്രതികരിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു താരം പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us