വ്യാജ പീഡന പരാതികള് ഭയപ്പെടുത്തുന്നു; പ്രൊഡ്യൂസേഴ്സ് അസോസിയേഷന്

അതേ സമയം നടന് നിവിന് പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന് പറഞ്ഞു.

dot image

കൊച്ചി: വ്യാജ പീഡന പരാതികള് ഭയപ്പെടുത്തുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ആര്ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവില് ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണണമെന്നും അസോസിയേഷന് പറഞ്ഞു.

വ്യക്തിവൈരാഗ്യം തീര്ക്കാന് പലരും പോലീസ് അന്വേഷണത്തെ ഉപയോഗിക്കുന്നു. വ്യാജ പരാതികള് ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റെ ഉദ്ദേശശുദ്ധിയെ അട്ടിമറിക്കുന്നു. വിഷയത്തില് സര്ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണമെന്നും് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.

അതേ സമയം നടന് നിവിന് പോളിക്കെതിരെയുള്ള പീഡനാരോപണം വ്യാജമാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന് പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന് തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള് തെളിവായി ഉണ്ടെന്നും അദ്ദേഹം റിപ്പോര്ട്ടറിനോട് പറഞ്ഞു. 2023 ഡിസംബര് 14ന് നിവിന് ഉണ്ടായിരുന്നത് വര്ഷങ്ങള്ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണെന്നും 15ന് പുലര്ച്ചെ മൂന്നുമണിവരെ നിവിന് തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. യാഥാര്ത്ഥ്യം ഉടന് തെളിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

'എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ് പ്ലാസയില് ഉണ്ടായിരുന്നു. ക്രൗണ് പ്ലാസയില് പുലര്ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന് പോയത് ഇതില് അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില് ആയിരുന്നു,' വിനീത് ശ്രീനിവാസന് പറഞ്ഞു.

അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്കിയ പരാതി. എറണാകുളം ഊന്നുകല് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന് പോളിക്കൊപ്പം ആറ് പേര്ക്കെതിരെയും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. കേസില് ആറാം പ്രതിയാണ് നിവിന്. ഊന്നുകല് സ്വദേശിയാണ് പരാതിക്കാരി.

നിലവില് ഊന്നുകല് പൊലീസ് രജിസ്റ്റര് ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഴിഞ്ഞ ദിവസം പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്ഷം നവംബര് ഒന്ന് മുതല് ഡിസംബര് 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് പരാതി. സിനിമയിലും യൂറോപ്പിലും ജോലി വാഗ്ദാനം ചെയ്യുകയും തുടര്ന്ന് ദുബായിയില് കൊണ്ടുപോയി ജ്യൂസില് മയക്കുമരുന്ന് ചേര്ത്ത് നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില് പറയുന്നു.

യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്.എന്നാല് നിവിന് പോളിക്ക് എതിരായ പീഡന പരാതിയില് തന്റെ കൈവശം തെളിവുകള് ഒന്നുമില്ലെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം പരാതിയില് അടിസ്ഥാനമില്ലെന്ന് നിവിന് പോളി വാര്ത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. അസത്യമായ കാര്യമാണ് പ്രചരിക്കുന്നതെന്നും ഇക്കാര്യം തെളിയിക്കാന് ഏതറ്റം വരെയും പോകുമെന്നുമായിരുന്നു നിവിന് പ്രതികരിച്ചത്. പീഡന പരാതി നിയമപരമായി നേരിടുമെന്നും നടന് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us