നിലമ്പൂര്: സിപിഐഎമ്മിനെ താറടിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണിയില് വിള്ളലുകളുണ്ടാക്കാനും തന്നെ ഉപയോഗിക്കാമെന്ന വ്യാമോഹം കമ്യൂണിസ്റ്റ് വിരുദ്ധര്ക്ക് വേണ്ടെന്ന് നിലമ്പൂര് എംഎല്എ പി വി അന്വര്. പൊലീസ് മേധാവികളിലെ ദുഷ്പ്രവണതകള് കാലങ്ങളായി ഉള്ളതാണെന്നും അത് പിണറായി വിജയന്റെ കാലത്ത് അവസാനിപ്പിക്കണമെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് താന് ചില കാര്യങ്ങള് വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്വറിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന യുഡിഎഫ് കണ്വീനര് എം എം ഹസന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ഉന്നതരുടെ കൊള്ളരുതായ്മകള് തടയുമെന്നും അന്വര് കൂട്ടിച്ചേര്ത്തു. 'പൊലീസിലെ ഉന്നതരുടെ കൊള്ളരുതായ്മകള് എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയക്കാരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില് കുറ്റം ചെയ്യുന്ന പൊലീസുകാര്ക്കെതിരെ, ശബ്ദമുയര്ത്തി നല്കിയ ശക്തമായ മുന്നറിയിപ്പ് കേട്ടവരെ മുഴുവന് ആവേശം കൊള്ളിച്ചത് മറക്കാനാവില്ല. പൊലീസ് സേനയിലെ മുടിചൂടാമന്നമാര്ക്കെതിരെ പരസ്യമായി രംഗത്തുവരാന് എനിക്ക് ആത്മവിശ്വാസം നല്കിയത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങളാണ്,' അന്വര് പറഞ്ഞു.
'വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില് വെച്ചു പൊറുപ്പിക്കരുത്';പി ശശിക്കെതിരെ റെഡ് ആര്മിസിപിഐഎമ്മില് നിന്നും മുഖ്യമന്ത്രിയില് നിന്നും തന്നെ അകറ്റാമെന്ന് ആരും കിനാവ് കാണേണ്ടെന്നും ഹസന്റെ പിന്തുണ തനിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്ച്ച് ഉദ്ഘാടനം ചെയ്യവേയായിരുന്നു ഹസന് അന്വറിനെ പിന്തുണച്ച് സംസാരിച്ചത്. പി വി അന്വര് നട്ടെല്ലോടെ മുന്നോട്ട് വന്നാല് യുഡിഎഫ് രാഷ്ട്രീയ പിന്തുണ നല്കുമെന്ന് ഹസന് പറഞ്ഞിരുന്നു.
അന്വര് പറഞ്ഞതിങ്ങനെ
ഹസ്സന് സാഹിബേ; ആ പൂതി കയ്യിലിരിക്കട്ടെ!
ഇടതുപക്ഷ ജനാധിപത്യമുന്നണിയില് വിള്ളലുണ്ടാക്കാനും സിപിഐഎമ്മിനെ താറടിക്കാനും എന്നെ ഉപയോഗിക്കാമെന്ന വ്യാമോഹം കമ്മ്യൂണിസ്റ്റ് വിരുദ്ധര് കയ്യില് വെച്ചാല് മതി. ഉന്നത പൊലീസ് മേധാവികളില് പലരും സ്വന്തം നേട്ടത്തിനും സാമ്പത്തിക ലാഭത്തിനും സര്ക്കാരുകളെയും ഭരണകര്ത്താക്കളെയും തെറ്റിദ്ധരിപ്പിക്കുകയും ഒറ്റുകയും ചെയ്യുന്ന പ്രവണത കാലങ്ങളായി നിലനില്ക്കുന്നതാണ്. യുഡിഎഫ് കാലത്ത് ഇത്തരം ദുഷ്കൃത്യങ്ങള്ക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. അത്തരം ദുഷ്പ്രവണത പിണറായി വിജയന്റെ കാലത്ത് അവസാനിപ്പിക്കണം എന്ന സദുദ്ദേശത്തോടെയാണ് മൂന്ന് പൊലീസ് ഓഫീസര്മാരെ കുറിച്ച് തെളിവുകള് നിരത്തി ഞാന് ചില കാര്യങ്ങള് വെളിപ്പെടുത്തിയത്.
അത് സിപിഐഎമ്മിനെ ദുര്ബലമാക്കാനും മുഖ്യമന്ത്രിയെ ക്ഷീണിപ്പിക്കാനുമാണ് എന്ന തരത്തില് പ്രതിപക്ഷവും ചില ഇടതുവിരുദ്ധ ശക്തികളും ആഘോഷിക്കുന്നത് കഥയറിയാതെ ആട്ടം കാണുന്നതിന് തുല്യമാണ്. എഡിജിപി അജിത്കുമാറും മലപ്പുറം മുന് എസ്പി സുജിത്ദാസും ഇപ്പോഴത്തെ മലപ്പുറം എസ്പി ശശിധരനും എല്ഡിഎഫ് സര്ക്കാരിനെ ജനമദ്ധ്യത്തില് ഇകഴ്ത്തിക്കാണിക്കാനും മുഖ്യമന്ത്രിയുടെ സല്പ്പേര് ഇടിച്ചു താഴ്ത്താനുമാണ് ശ്രമിച്ചത്. അക്കാര്യങ്ങളാണ് തെളിവുകള് സഹിതം ഞാന് ചൂണ്ടിക്കാണിച്ചത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള് ധരിപ്പിച്ചപ്പോള് അദ്ദേഹത്തില് നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായത്. ശരിയായ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കുകയും ചെയ്തു. അത് കഴിഞ്ഞ് പാര്ട്ടി സെക്രട്ടറി ഗോവിന്ദന് മാസ്റ്ററെ കണ്ട് വസ്തുതകള് ധരിപ്പിച്ചു. അദ്ദേഹവും മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് സമ്മതിച്ചു. പൊലീസിലെ ഉന്നതരുടെ കൊള്ളരുതായ്മകള് എന്തുവിലകൊടുത്തും തടയണമെന്ന ദൃഢനിശ്ചയക്കാരനാണ് കേരളത്തിന്റെ മുഖ്യമന്ത്രി. പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില് കുറ്റം ചെയ്യുന്ന പൊലീസുകാര്ക്കെതിരെ, ശബ്ദമുയര്ത്തി നല്കിയ ശക്തമായ മുന്നറിയിപ്പ് കേട്ടവരെ മുഴുവന് ആവേശം കൊള്ളിച്ചത് മറക്കാനാവില്ല.
പൊലീസിന് കളങ്കമുണ്ടാക്കിയ 125 പൊലീസുകാരെ ചരിത്രത്തില് ആദ്യമായി സര്വീസില് നിന്ന് പിരിച്ചു വിട്ട കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയാണ് പിണറായി വിജയന്. പോലീസ് സേനയിലെ മുടിചൂടാമന്നമാര്ക്കെതിരെ പരസ്യമായി രംഗത്തുവരാന് എനിക്ക് ആത്മവിശ്വാസം നല്കിയത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇത്തരം സമീപനങ്ങളാണ്. അവിഹിതമായി സമ്പാദിക്കുന്നവര് സാധാരണ പറയാറുള്ള ന്യായമാണ് ഭാര്യവീട്ടില് നിന്ന് സമ്മാനമായി കിട്ടിയതാണ്, വീടും സ്ഥലവും കാറുമെല്ലാമെന്നാണ്. എഡിജിപി അജിത്കുമാറും അതേ ന്യായമാണ് നിരത്തുന്നത്. ചെയ്ത തെറ്റുകള് മറച്ചുവെക്കാനും തെളിവുകള് നശിപ്പിക്കാനും സുജിത് ദാസും അജിത്കുമാറും അരയും തലയും മുറുക്കി രംഗത്തുണ്ട്. മലപ്പുറം എസ്പി ഓഫീസില് നിന്ന് തേക്ക് മുറിച്ച് കടത്തിയത് തേച്ച്മായ്ച്ചു കളയാന് അയല്വാസിയായ സ്ത്രീയില് നിന്ന് കള്ള പ്രസ്താവന എഴുതിവാങ്ങിയത് തന്നെ ഇതിന്റെ തെളിവാണ്. കരീം എസ്പി ആയിരിക്കെയാണ് മരം മുറിച്ചത് എന്നു പറയാന് അവരോട് പറയാന് ക്യാമ്പ് ഓഫീസിലെ പോലീസുകാര് പറഞ്ഞതായി ആ സ്ത്രീ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. സുജിത്ദാസ് എസ്.പിയായിരിക്കെ കരിപ്പൂര് എയര്പോര്ട്ടിന്റെ പുറത്ത് വെച്ച് പിടികൂടിയ സ്വര്ണ്ണത്തിന്റെ വാഹകരെ വിളിച്ച് അന്വേഷിച്ചാല് സത്യം പുറത്ത് വരും.
ഐപിഎസ് ഉദ്യോഗസ്ഥരിലെ അഴിമതിക്കാരെയും 'മൊണോലിസ' കളിക്കുന്നവരെയും പുറത്തുകൊണ്ടു വരാനുള്ള എളിയ ശ്രമം മാത്രമാണ് ഞാന് നടത്തിയത്. ഞാനെന്റെ പിതൃസ്ഥാനീയനായാണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിനെതിരാണ് എന്റെ പോരാട്ടം എന്ന രീതിയില് നടത്തപ്പെടുന്ന പ്രചരണങ്ങള് സിപിഐഎമ്മിനെ ക്ഷീണിപ്പിക്കാന് ലാക്കാക്കിയാണ്. മരണം വരെ ചെങ്കൊടിത്തണലില് ഞാനുണ്ടാകും. സിപിഐഎമ്മില് നിന്നും മുഖ്യമന്ത്രിയില് നിന്നും എന്നെ അകറ്റാമെന്ന് ആരും കിനാവ് കാണേണ്ട. അതിനായി വെച്ച വെള്ളം ബന്ധപ്പെട്ടവര് ഇറക്കി വെക്കുന്നതാണ് നല്ലത്. നട്ടെല്ലോടെ മുന്നോട്ടു വന്നാല് എന്നെ പിന്തുണക്കാമെന്ന എംഎം ഹസ്സന് സാഹിബ് പറഞ്ഞതായി കേട്ടു. നട്ടെല്ലിന്റെ സ്ഥാനത്ത് ഒരു വാഴ നാര് പോലുമില്ലാത്ത ഹസ്സന് സാഹിബിന്റെ പിന്തുണ ഇക്കാര്യത്തില് എനിക്കുവേണ്ട.