തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കെതിരെ 'റെഡ് ആര്മി'. ഇക്കാലമത്രയും പൊളിറ്റിക്കല് സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില് മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്ട്ടിയുടെ അടിവേര് പിഴുതെറിയാന് ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആർമി വിമർശിച്ചു. ഉദ്യോഗസ്ഥര്ക്ക് ഓശാന പാടിയ വര്ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാൻ അനുവദിക്കുകയോ പാര്ട്ടിയില് സ്ഥാനം നല്കുകയോ ചെയ്യരുതെന്ന് റെഡ് ആര്മി പറഞ്ഞു. നേരത്തെ പിജെ ആര്മി എന്ന പേരില് തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്മിയാക്കിയത്.
'ഈ കാലമത്രയും പൊളിറ്റിക്കല് സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില് മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്ട്ടിയുടെ അടിവേര് പിഴുതെറിയാന് ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്ക്കൊപ്പം ചേര്ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്ട്ടീ സജീവ പ്രവര്ത്തനം നടത്തുന്ന പൊതുപ്രവര്ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില് കുടുക്കി ജയിലില് അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില് ചെയ്തു കൂട്ടിയ ക്രിമിനല് ചെയ്തികള്ക്ക് മൗനാനുവാദം നല്കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല് അകാരണമായി കുതിരകേറാന് നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്ക്കാരിനെയും പാര്ട്ടിയെയും പൊതുജനങ്ങള്ക്ക് മുന്നില് അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്ക്ക് ഉദ്യോഗസ്ഥര്ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന് അല്ലെങ്കില് പാര്ട്ടിയില് തന്നെ വെച്ചു പൊറുപ്പിക്കരുത്,' എഫ്ബി പോസ്റ്റില് പറയുന്നു.
അമ്പലപ്പുഴയിലെ ബിജെപി മുന്നേറ്റം ചര്ച്ചയാവും; സിപിഐഎംബ്രാഞ്ച് സമ്മേളനങ്ങൾ നാളെ ആരംഭിക്കുംഅതേസമയം നിലമ്പൂര് എംഎല്എ പി വി അന്വറിനെ റെഡ് ആര്മി പ്രശംസിക്കുകയും ചെയ്തു. പാര്ട്ടി മെമ്പര്ഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ പി വി അന്വര് ഒരു വിപ്ലവ മാതൃകയാണെന്നും റെഡ് ആര്മി പറഞ്ഞു. എതിരാളികള്ക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ലെന്നും തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള പോക്കിലെ തങ്ങളുടെ തന്നെ പ്രതിഷേധമാണെന്നും പോസ്റ്റില് സൂചിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല് സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അന്വര് അക്കമിട്ട് നിരത്തിയ ആരോപണങ്ങള്ക്ക് മുഖ്യമന്ത്രിയും പാര്ട്ടിയും ഏറ്റവും ആര്ജ്ജവമുള്ള തീരുമാനം കൈക്കൊള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹായത്രികന്റെയും ഉറച്ച വിശ്വാസം..
ഈ കാലമത്രയും പൊളിറ്റിക്കല് സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില് മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്ട്ടിയുടെ അടിവേര് പിഴുതെറിയാന് ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്ക്കൊപ്പം ചേര്ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്ട്ടി സജീവ പ്രവര്ത്തനം നടത്തുന്ന പൊതുപ്രവര്ത്തകരെ തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില് കുടുക്കി ജയിലില് അടക്കുന്നതിന് ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത....
സ്വര്ണ്ണകടത്തും കൊലപാതകം അടക്കം എഡിജിപിയുടെ നേതൃത്വത്തില് ചെയ്തു കൂട്ടിയ ക്രിമിനല് ചെയ്തികള്ക്ക് മൗനാനുവാദം നല്കിയ...പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല് അകാരണമായി കുതിരകേറാന് നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്ക്കാരിനെയും പാര്ട്ടിയെയും പൊതുജനങ്ങള്ക്ക് മുന്നില് അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്ക്ക് ഉദ്യോഗസ്ഥര്ക്ക് ഓശനപാടിയ ഇതുപോലുള്ള വര്ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന് അല്ലെങ്കില് പാര്ട്ടിയില് തന്നെ വെച്ചു പൊറുപ്പിക്കരുത്...
ഒരുപാട് കര്ഷകരുടെ പോരാട്ടത്തിന്റെ വിയര്പ്പിന്റെ ഗന്ധമാണ് ഈ പാര്ട്ടി...പ്രതിരോധത്തിന്റെ പോര്നിലങ്ങളില് മരണത്തെ ഭയക്കാതെ രക്ത സാക്ഷിത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്തതാണ് ഈ പാര്ട്ടി...ഒരുപാട് പ്രവര്ത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാര്ട്ടി...ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാര്ട്ടി...അവരുടെ നെഞ്ചില് ചവിട്ടിനിന്ന് സ്വാര്ത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്കമേല്പ്പിക്കുന്ന പ്രവൃത്തി ആരില്നിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്കരുത്.
സമ്മേളനങ്ങള് ചര്ച്ച ചെയ്യേണ്ടത് ഇതുപോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടര്ച്ചയായ അധികാരത്തിന്റെ സുഖലോലുപതയില് പാര്ട്ടി ജനങ്ങളില്നിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊക്കെ ചെയ്യാന് പറ്റും എന്നുകൂടെ പരിശോധിക്കേണ്ടതുണ്ട്..തിരുത്തേണ്ടവ തിരുത്തി മുന്നേറണം. പാര്ട്ടി മെമ്പര്ഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി വി അന്വര് ഒരു വിപ്ലവ മാതൃകയാണ്..ബ്രാഞ്ച് സമ്മേളങ്ങളില് ചര്ച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാര്ട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തില് ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്...
ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തോല്വി വരാനിരിക്കുന്ന വിപത്തിന്റെ അശരീരിയാണ്... എതിരാളികള്ക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ടല്ല നമ്മുടെ രാഷ്ട്രീയത്തിന്റെ ഇപ്പോഴുള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധമാണ്.. അതൊരു സൂചനയാണ്..അകന്നുപോവുന്ന കണ്ണികള് നമ്മളിലേക്ക് ഒന്നുടെ ചേര്ത്തു നിര്ത്തണം, വാക്കിലും നോക്കിലും രൂപവും ഭാവവും മാറണം, മനുഷ്യത്വപരമായ ഇടപെടലുകള് കൂടുതല് ശ്രദ്ധിക്കണം...വിമര്ശനങ്ങള് ആരോഗ്യപരമായി ഉള്ക്കൊള്ളണം, വീഴ്ചകള് തെറ്റുകള് തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ... ലാല്സലാം..