തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ ഗവർണറെ തടയാൻ ആളെ വിട്ടവരാണ് സർക്കാർ. അത് സർക്കാരിന് ഭൂഷണമായ നടപടി അല്ലായിരുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഗവർണർ തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. ജനങ്ങളെ സംബന്ധിച്ച് ഗവർണറുടെ ഇടപെടൽ പലപ്പോഴും ഗുണകരമായിരുന്നു. എന്നാൽ ഗവർണറുടെ എല്ലാ നിലപാടിനെയും പിന്തുണയ്ക്കുന്നില്ലെന്നും ഒരു വര വരച്ചാൽ അവിടെ നിൽക്കുന്ന ആളല്ല ഗവർണറെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഗവർണറെ പുകഴ്ത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് മറുപടിയുമായി മന്ത്രി വി എൻ വാസവൻ രംഗത്തെത്തി. തിരുവഞ്ചൂർ പറഞ്ഞത് ജനങ്ങളുടെ ആഗ്രഹമാണ് എന്ന് കരുതാനാകില്ല. തിരുവഞ്ചൂരിന് ബിജെപി താൽപര്യമെന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റ് പറയാൻ ആകില്ലെന്നും വി എൻ വാസവൻ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം ഉണ്ടാക്കിയത് സർക്കാർ ആണ്. ഐകകണ്ഠേന പാസാക്കിയ ബില്ലുകൾ പോലും ഗവർണർ ഇതുവരെയും ഒപ്പിട്ടിട്ടില്ല. തിരുവഞ്ചൂർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് പകൽപോലെ വ്യക്തമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സഥാനത്തെത്തിയിട്ട് ഇന്ന് അഞ്ചു വർഷം പൂർത്തിയാവുകയാണ്. പുതിയ ഗവർണറെ രാഷ്ട്രപതി നിയമിക്കുന്നത് വരെ അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാം.