കൊച്ചി: മന്ത്രിമാറ്റ ചർച്ചകൾക്കിടെ എ കെ ശശീന്ദ്രനെതിരെ തോമസ് കെ തോമസ്. ശശീന്ദ്രൻ എംഎല്എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാർത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ തോമസ് ആരോപിച്ചു. ജനങ്ങൾ തിരഞ്ഞെടിത്ത ആളാണ്. അവർക്കുവേണ്ടി നിലനിൽക്കണമെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയാണ് കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യുമെന്നും തോമസ് കെ തോമസ് കൂട്ടിച്ചേർത്തു.
തോമസ് കെ തോമസിന്റെ വാക്കുകൾ;
ഇത്രയും കോലാഹലം എങ്ങനെ ഉണ്ടായി എന്നെനിക്ക് അറിയില്ല. ഇതൊരു നീതിയാണ്. സത്യമെന്താണെന്ന് എല്ലാവർക്കുമറിയാം. പാർട്ടി എന്ത് ഉത്തരവാദിത്തം ഏൽപ്പിച്ചാലും അത് ചെയ്യുക എന്നതാണ്. അല്ലാതെ ആരെയും വിഷമിപ്പിച്ചുകൊണ്ട് ഒന്നും വേണ്ട. എന്താണ് ഇതിനുപിറകിലെന്ന് അറിയില്ല. മുഖ്യമന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കും. ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആളാണ്. അവർക്കുവേണ്ടി നിലനിൽക്കേണ്ട ആളാണ്. തൻറേതായ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ രാജിവയ്ക്കുന്നു എന്ന് പറയുന്നത് സെൽഫിഷായ കാര്യമാണ്. ഞാനിന്നുവരെയും പാർട്ടിവിട്ടുപോകുമെന്നൊന്നും പറഞ്ഞിട്ടില്ല. കുട്ടനാട്ടിലെ ജനങ്ങൾക്കുവേണ്ടി ജീവിക്കുന്ന എംഎൽഎയാണ് ഞാൻ. പിസി ചാക്കോയാണ് കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത്. അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യും.
എംഎൽഎ സ്ഥാനം രാജിവെക്കാൻ അനുവദിക്കണമെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ അഭ്യർത്ഥിച്ചത്. പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. രാജി വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തുനിന്ന് മാറണമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
മന്ത്രിസഭയിൽ നിന്ന് എ കെ ശശീന്ദ്രനെ മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ മുഖ്യമന്ത്രിക്ക് വിവരം കൈമാറുകയും ചെയ്തു. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പാർട്ടിയുടെ നീക്കം. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നും മാറ്റുകയാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ.