നാളെ കെപിസിസി മാർച്ച്; മുഖ്യമന്ത്രി മാഫിയകളെ സംരക്ഷിക്കുന്നു,തനി നിറം പുറത്ത് കൊണ്ടുവരുമെന്ന് സതീശൻ

മുഖ്യമന്ത്രി അധികാരത്തില് അള്ളിപ്പിടിച്ച് നില്ക്കാതെ ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

dot image

തിരുവനന്തപുരം: പി വി അന്വര് എംഎല്എ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണം ആവശ്യപ്പെട്ട് നാളെ സെക്രട്ടറിയേറ്റ് മാര്ച്ച് നടത്താന് തീരുമാനിച്ച് കെപിസിസി. സര്ക്കാരിന്റെ തനിനിറം പുറത്ത് കൊണ്ട് വരുമെന്നും മുഖ്യമന്ത്രി അധികാരത്തില് അള്ളിപ്പിടിച്ച് നില്ക്കാതെ ഇറങ്ങിപ്പോകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. യൂത്ത് കോണ്ഗ്രസ് സമരത്തിലെ പൊലീസ് അക്രമത്തെയും സതീശന് അപലപിച്ചു. സമരക്കാരെ പൊലീസ് ക്രൂരമായി മര്ദിച്ചുവെന്നും നേതൃത്വം നല്കിയത് പഴയ ഡിവൈഎഫ്ഐ പ്രവര്ത്തകനായ കോണ്സ്റ്റബിളാണെന്നും അദ്ദേഹം പറഞ്ഞു.

'യൂത്ത് കോണ്ഗ്രസ് സമരക്കാരെ പൊലീസ് ക്രൂരമായി മര്ദിച്ചു. നേതൃത്വം നല്കിയത് പഴയ ഡിവൈഎഫ്ഐക്കാരന് കന്റോണ്മെന്റ് പൊലീസ് ജിജോയാണ്. സിപിഐഎം നേതാക്കള്ക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് കുട്ടികളെ അടിച്ച് തീര്ത്തത്. പാര്ട്ടിക്കാരായ പൊലീസുകാരെ മുന്നിര്ത്തിയാണ് പിണറായി വിജയന് സമരത്തെ നേരിടുന്നത്,' അദ്ദേഹം പറഞ്ഞു.

മുദ്രാവാക്യം വിളിച്ചാല് തലകീറി ചോരയൊലിപ്പിച്ച് കൊല്ലുമോ?നൂറ് അബിന് വര്ക്കിമാര് വരും:കെ സുധാകരന്

കോഴിക്കോട് മാമി കേസില് സിബിഐ അന്വേഷണത്തിന് സര്ക്കാര് ശിപാര്ശക്ക് തയ്യാറാകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരും ഭാര്യയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സര്ക്കാര് നടപടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പലതും പുറത്തുവരുമെന്ന് ഭയമാണെന്നും മാധ്യമങ്ങള്ക്ക് മുന്നില് വരാന് മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും സതീശന് കൂട്ടിച്ചേര്ത്തു. പിണറായി മാഫിയകളെ സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എഡിജിപി - ആര്എസ്എസ് ജനറല് സെക്രട്ടറി കൂടിക്കാഴ്ചയെപ്പറ്റി മുഖ്യമന്തി പ്രതികരിക്കണമെന്നും മുഖ്യമന്ത്രിയോട് താന് ചോദ്യം ചോദിച്ചപ്പോള് മറുപടി പറയുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തിരഞ്ഞെടുപ്പില് ജയിക്കാന് മാത്രമാണ് ബിജെപി ഹൈന്ദവ സംരക്ഷകരായി ചമയുന്നതെന്നും സതീശന് പറഞ്ഞു.

ഓണസമയത്തെ വിലക്കയറ്റത്തെക്കുറിച്ചും സതീശന് കൂട്ടിച്ചേര്ത്തു. 'ചരിത്രത്തിലാദ്യമായി ഓണച്ചന്ത തുടങ്ങുമ്പോള് വില കൂട്ടുന്നു. സര്ക്കാര് വില കുറച്ച് വില്ക്കുമ്പോഴാണ് മാര്ക്കറ്റില് കൃത്രിമ വിലക്കയറ്റം തടയാനാകൂ. മാര്ക്കറ്റില് വില വര്ധനക്കുള്ള സാഹചര്യം ഉണ്ടാക്കുന്നു. ഇത് ജനങ്ങളോടുള്ള ക്രൂരതയാണ്,' സതീശന് പറഞ്ഞു.

യൂത്ത് കോൺഗ്രസ് മാർച്ചില് സംഘർഷം; ലാത്തിചാർജിൽ അബിൻ വർക്കിക്ക് പരിക്ക്, 'വളഞ്ഞിട്ട് ആക്രമിച്ചു'

അതേസമയം യൂത്ത് കോണ്ഗ്രസ് മാര്ച്ചിനെതിരായ പൊലീസ് ലാത്തി ചാര്ജില് രൂക്ഷവിമര്ശനവുമായി കെപിസിസി അധ്യക്ഷന് കെ സുധാകരനും രംഗത്തെത്തി. മുദ്രാവാക്യം വിളിക്കുന്നവരുടെ തലകീറി കൊല്ലുന്നതാണോ പൊലീസിന്റെ പണിയെന്നും സമരത്തെ അടിച്ചമര്ത്താന് കഴിയില്ലെന്നും കെ സുധാകരന് പറഞ്ഞു. ഒരു അബിന്വര്ക്കിയല്ല, നൂറ് അബിന് വര്ക്കിമാര് വരുമെന്നും അതിനുള്ള കരുത്ത് കോണ്ഗ്രസിനുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്ത്തു.

'സിന്ദാബാദ് വിളിച്ചതാണോ നമ്മുടെ കുട്ടികള് ചെയ്ത തെറ്റ്. മുദ്രാവാക്യം വിളിച്ചവരെ തലക്കടിച്ച്, തലകീറി ചോരയൊലിപ്പിച്ച് കൊല്ലാനാണോ? അങ്ങനെ നിയമുണ്ടോ? ഏത് പൊലീസിനാണ് അതിന് അധികാരം. അക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാന് തീരുമാനിക്കും. ആ തീരുമാനം, സിപിഐഎമ്മിന് അപ്പോള് കാണാം. സമരത്തെ അടിച്ചമര്ത്താന് കഴിയില്ല. തലകീറി തല്ലി, പെണ്കുട്ടികളെ ഡ്രസ് വലിച്ചൂരുന്നതല്ല പൊലീസിന്റെ പണി. അഭിമാനവും അന്തസ്സും യോഗ്യതയുമുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തില്. കാട്ടുമൃഗങ്ങളെ പോലെയല്ലെ തല്ലിയത്. ഈ സമരം പാര്ട്ടി ഏറ്റെടുക്കും', കെ സുധാകരന് പറഞ്ഞു.

എംഎല്എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും യൂത്ത് കോണ്ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്ച്ചിന് നേരെ് പൊലീസ് ലാത്തി വീശുകയായിരുന്നു. യൂത്ത് കോണ്ഗ്രസ് വൈസ് പ്രസിഡന്റ് അബിന് വര്ക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. അബിന് ആശുപത്രിയില് ചികിത്സ തേടി. അബിന് വര്ക്കിക്ക് പുറമേ ജില്ലാ ഭാരവാഹികളായ സുരേഷ് വട്ടപറമ്പ്, സുമേഷ് തുടങ്ങിയവര്ക്കും പരിക്കേറ്റിട്ടുണ്ട്.

dot image
To advertise here,contact us
dot image