തിരുവനന്തപുരം: എഐ ക്യാമറ വഴി കണ്ടെത്തിയ നിയമ ലംഘനത്തിനറെ നോട്ടീസുകള് അവഗണിച്ച് വാഹന ഉടമകൾ. നോട്ടീസ് കിട്ടിയിട്ടും പിഴ അടയ്ക്കാത്തവർ അരലക്ഷത്തിലധികം പേർ വരുമെന്നാണ് കണക്ക്. 56 ലക്ഷത്തിലധികം പേരാണ് പിഴ അടയ്ക്കാത്തത്.
നിയമലംഘനങ്ങൾക്ക് 467 കോടി രൂപയുടെ നോട്ടീസ് പൊലീസ് അയച്ചു. വാഹന ഉടമകൾ അടച്ചത് 93 കോടി രൂപ മാത്രമാണ്. കണ്ടെത്തിയ നിയമ ലംഘനങ്ങൾ 89.82 ലക്ഷമാണ്. എന്നാൽ പിഴ അടച്ചത് 33 ലക്ഷം പേർ മാത്രമാണ്. മുപ്പത് ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് പിഴ അടയ്ക്കുന്നത്.
2023 ജൂണ് അഞ്ചാം തീയതിയാണ് എഐ ക്യാമറ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചത്. സേഫ് ക്യാമറ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ സംവിധാനത്തിലൂടെ 726 ക്യാമറകളാണ് സംസ്ഥാനത്തെ റോഡുകളിലായി സ്ഥാപിച്ചിട്ടുള്ളത്. മോട്ടോര് വാഹന വകുപ്പിന് ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കാനാണ് ക്യാമറകള് സ്ഥാപിച്ചത്. 232 കോടി രൂപ ചെലവിലാണ് ക്യാമറകള് സ്ഥാപിച്ചത്.