മലപ്പുറം: പൊലീസിലെ ഉന്നതര്ക്കെതിരായ പീഡന പരാതിയില് കൂടുതല് വെളിപ്പെടുത്തലുമായി പരാതിക്കാരിയുടെ സുഹൃത്ത്. ഗതികേട് ചൂഷണം ചെയ്ത് മുതലെടുക്കുകയാണ് പൊന്നാനി മുന് സിഐ വിനോദ്, മലപ്പുറം മുന് എസ്പി സുജിത് ദാസ്, തിരൂര് മുന് ഡിവൈഎസ്പി വി വി ബെന്നി എന്നിവര് ചെയ്തതെന്ന് സുഹൃത്ത് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു. താനും ഒരു സ്ത്രീയാണ്, ഒരു പെണ്ണിനും ഇനി ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും സുഹൃത്ത് പറഞ്ഞു.
കണ്ടത് എവിടെയും പറയാന് താന് തയ്യാറാണ്. അത്രയും മോശമായ ആളുകളാണ് അവര്. ഇത്രയും മോശമായി തെറ്റ് ചെയ്യുന്നവരെ കണ്ടിട്ടില്ല. നേരത്തെ ബഹുമാനവും പേടിയുമായിരുന്നു അവരോടെങ്കില്, ഇപ്പോള് എല്ലാം പോയി. എല്ലാവരും ഇങ്ങനെയാണോ എന്ന ചിന്ത വന്നുപോയെന്നും സിഐ വിനോദ് യുവതിയുടെ വീട്ടിലെത്തിയപ്പോള് അവിടെയുണ്ടായിരുന്ന സുഹൃത്ത് പറയുന്നു.
'സംഭവ ദിവസം ഞാന് അവിടെയുണ്ടായിരുന്നു. ഞാനും താത്തയും തിണ്ണയില് കിടക്കുകയായിരുന്നു. കുട്ടികള് കളിക്കുകയായിരുന്നു. വാതിലില് മുട്ടുന്നത് കേട്ട് ഞാനാണ് പോയി തുറന്നത്. ആരാണെന്ന് ചോദിച്ചപ്പോള് സിഐ വിനോദ് സാറാണെന്ന് താത്ത പറഞ്ഞു. കുറേ നേരം സംസാരിച്ചിരുന്നിട്ട്, അയാള് താത്തയെയും കൂട്ടി മുറിയിലേക്ക് പോയി. ഞാന് അവിടെ തന്നെ കിടന്നു. കുറേ കഴിഞ്ഞപ്പോഴാണ് രണ്ടാളും തിരിച്ചുവന്നത്. താത്തയുടെ മുഖമൊക്കെ എന്തോ വ്യത്യാസം തോന്നി. അതുകണ്ട് എന്താണ് കാര്യമെന്ന് താത്തയോട് ചോദിച്ചു. അയാള് വാതില് തുറന്ന് പുറത്തുപോയിരുന്നു. ഈ സംഭവത്തിന് ശേഷം താത്ത വല്ലാത്ത മാനസിക വിഷമത്തിലായിരുന്നു.
ഡിവൈഎസ്പിയും എസ്പിയും ഉപദ്രവിക്കാന് ശ്രമിച്ചെന്നും താത്ത തന്നോട് പറഞ്ഞു. ഇനി ഒരു പെണ്ണിനും ഇങ്ങനെ ഉണ്ടാകരുത്. താനും ഒരു സ്ത്രീയാണ്. ആരോടായാലും ഇങ്ങനെയൊന്നും ചെയ്യാന് പാടില്ല. പൊലീസുകാര് താത്തയുടെ ഗതികേട് ചൂഷണം ചെയ്യുകയായിരുന്നു. അവളെ അങ്ങനെ ആക്കണം എന്ന ചിന്തയായിരുന്നു ആ സാറിന്. മഹാ ചതിയായിപ്പോയി അയാള് ചെയ്തത്.
ഞാന് കണ്ണുകൊണ്ട് കണ്ടതാണ്. അല്ലാതെ ആരെയും പറ്റിക്കാന് പറ്റുന്നതല്ല. കണ്ടത് എവിടെയും പറയാന് തയ്യാറാണ്. അയാള് അത്രയും മോശമായ ഒരു ആളാണ്. ഇത്രയും മോശമായി തെറ്റ് ചെയ്യുന്നയാളെ കണ്ടിട്ടില്ല. എല്ലാവരും ഉപദ്രവിക്കുന്നുണ്ട് എന്നാണ് താത്ത പറഞ്ഞത്. അതൊക്കെ അവര് എന്നെ വിളിച്ച് പറയാറുണ്ട്. നമുക്ക് എന്താ ചെയ്യാന് കഴിയുക എന്ന് ഞാന് പറയും. പൊലീസ് എന്റെ മൊഴിയെടുത്തിരുന്നു. കേസ് ആയില്ലെന്ന് തോന്നുന്നു. കേസ് എടുത്താല് വിളിക്കേണ്ടതായിരുന്നില്ലേ', പരാതിക്കാരിയുടെ സുഹൃത്ത് റിപ്പോര്ട്ടറിനോട് പറഞ്ഞു. ഇക്കാര്യങ്ങള് എവിടെയും പറയാന് തയ്യാറാണെന്നും അവര് പ്രതികരിച്ചു.
പരാതി നല്കാനെത്തിയ തന്നെ പൊലീസുകാര് മാറിമാറി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്. തനിക്ക് നീതി വാങ്ങി തരേണ്ട പൊലീസിലെ ഉന്നതരാണ് തന്നെ ചൂഷണം ചെയ്തതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. 2022ല് മലപ്പുറത്തായിരുന്നു കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്നം പരിഹരിക്കാനായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ക്രൂരത.
പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നല്കിയത്. എന്നാല് സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില് പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല് മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല് സുജിത് ദാസും തന്നെ ബലാല്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്. സുജിത് ദാസും പരാതി അട്ടിമറിച്ചു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസര്ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്ബന്ധിച്ചു. അവിടെ താന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില് ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞു. പരാതിയില് ഉറച്ചുനില്ക്കുമെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞു. തനിക്ക് നീതി ലഭിക്കണം. പാവങ്ങള് എന്ന് കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുത്. അവര് തന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കിയെന്നും യുവതി പ്രതികരിച്ചു.
REPORTER BIG ECLUSIVE: പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല; ഉന്നതര്ക്കെതിരെ വെളിപ്പെടുത്തലുമായി യുവതി