മാനന്തവാടി: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. അയൽവാസിയാണ് പൊലീസിന്റെ പിടിയിലായത്. തേറ്റമല വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി(72)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉപയോഗ്യശൂന്യമായ കിണറ്റിൽ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ കവരാൻ കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം. കുഞ്ഞാമിയിൽ നിന്നും കവർന്ന സ്വർണം വെള്ളമുണ്ടയിലെ സ്വകാര്യ ബാങ്കിൽ പ്രതി പണയം വെച്ചതായും പൊലീസ് കണ്ടെത്തി.
ബുധനാഴ്ച വൈകിട്ടാണ് കുഞ്ഞാമിയെ കാണാതായത്. വീട്ടിൽ നിന്നും അരക്കിലോമീറ്റർ ദൂരെ പഞ്ചായത്ത് കിണറ്റിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങൾ കാണാനില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. തേറ്റമലയിലെ മകളുടെ വീട്ടിലായിരുന്നു കുഞ്ഞാമി താമസിച്ചിരുന്നത്. മകളുടെ കുട്ടികൾ സ്കൂൾ വിട്ട് വന്നപ്പോഴാണ് കുഞ്ഞാമിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. ആഴവും വെള്ളവുമില്ലാത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയപ്പോൾ തന്നെ സംശയം തോന്നിയിരുന്നു. കുഞ്ഞാമി ഒറ്റയ്ക്ക് പുറത്തു പോകാറുമില്ല. ഇതെല്ലാമാണ് കൊലപാതക സാധ്യതയിലേക്ക് അന്വേഷണം നീങ്ങിയത്.