കോഴിക്കോട്: സിപിഐഎമ്മിനെതിരെ നടക്കുന്നത് സംഘടിത പ്രചാരണം എന്ന് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. എഡിജിപി എംആര് അജിത് കുമാര് ആര്എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരിക്കുകയായിരുന്നു എം ബി രാജേഷ്. കമ്മ്യുണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര ശത്രുവാണ് ആര്എസ്എസ്. ആര്എസ്എസിന്റെ മതശാസ്ത്രത്തിന്റെ ശത്രുവാണ് സിപിഐഎം. നിലവിലേത് സംഘടിത പ്രചാരണമാണെന്നും എം ബി രാജേഷ് പറഞ്ഞു.
'എഡിജിപി സിപിഐഎമ്മുകാരനല്ല. മുഖ്യമന്ത്രിയുടെ തലയ്ക്ക് രണ്ട് കോടി രൂപ വിലയിട്ടത് ആര്എസ്എസ് ആണ്. തങ്ങളുടെ ഒരു നേതാവും ഗോള്വാള്ക്കറുടെ ചിത്രത്തിന് മുന്നില് നിലവിളക്ക് കൊളുത്തിയിട്ടില്ല' എന്നും എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ടായിരുന്നു പരാമര്ശം.
'എഡിജിപി സിപിഐഎം നേതാവല്ല. ഏതെങ്കിലും ഉദ്യോഗസ്ഥന് ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെങ്കില് അത് അന്വേഷണത്തിന്റെ പരിധിയില് വരും. ഞങ്ങളുടെ ഒരു നേതാവും ഗോള്വാള്ക്കറുടെ ചിത്രത്തിന് മുന്നില് നിലവിളക്ക് കൊളുത്തി വിനീത വിധേയനായി കൂപ്പുകൈയോടെ നിന്നിട്ടില്ല. അങ്ങനെ നിന്നവരാണ് ഇപ്പോള് ന്യായം പറയുന്നത്. ഇതൊക്കെയും ഗൂഢാലോചനയില് നിന്നും ഉരുത്തരിഞ്ഞ സംഘടിത പ്രചാരണമാണ്, നേരിടും', എം ബി രാജേഷ് പറഞ്ഞു.
അതേസമയം വിഷയത്തില് പ്രതികരിക്കാന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തയ്യാറായില്ല. എഡിജിപി എവിടെയെങ്കിലും പോയാല് ഞങ്ങള്ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്ട്ടി സെക്രട്ടറി പിന്വാങ്ങുകയായിരുന്നു. വിഷയത്തില് സിപിഐ നിലപാട് കടുപ്പിച്ച സാഹചര്യം കൂടി മുന്നിലുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തിലാണ് ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപി എംആര് അജിത് കുമാര് സമ്മതിക്കുന്നത്. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയത്. സ്വകാര്യ സന്ദര്ശനം ആയിരുന്നു അതെന്നുമാണ് വിശദീകരണം.
പാറമേക്കാവ് വിദ്യാമന്ദിര് ആര്എസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറല് സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായുളള കൂടിക്കാഴ്ച. തൃശ്ശൂര് പൂരം കലക്കാന് എഡിജിപി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കഴിഞ്ഞ ദിവസങ്ങളില് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആവര്ത്തിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച എഡിജിപി സമ്മതിജച്ചത്.