തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാറും ആര്എസ്എസ് നേതാവ് ദത്താത്രയ ഹൊസബാളെയും തമ്മിലുള്ള കൂടിക്കാഴ്ചയില് സിപിഐഎം വ്യക്തമായ മറുപടി നല്കണമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല്. ഇതില് ഗൗരവതരമായ എന്തോ കാര്യമുണ്ട്. സിപിഐഎമ്മിനെ ആര്എസ്എസ്സിന് പിന്നില് കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നത്. വിഷയത്തില് സിപിഐഎം കേന്ദ്ര നേതൃത്വം മറുപടി പറയണം. കേരളത്തിലെ പാര്ട്ടിക്ക് മുന്നില് കേന്ദ്ര നേതൃത്വം എല്ലാം മടക്കിവെച്ചിരിക്കുകയാണോ എന്നും കെ സി വേണുഗോപാല് ചോദിച്ചു.
ജനങ്ങളെ ഇനിയും കളിപ്പിക്കാന് സാധിക്കില്ല. ഓരോ ദിവസം കഴിയുംതോറും വിഷയത്തിന്റെ ഗൗരവം വര്ധിച്ചുവരികയാണ്. തൃശൂര് പൂരം കലക്കിയതില് പൊലീസിന്റെ കൈയുണ്ടെന്ന് ആക്ഷേപം വന്നു കഴിഞ്ഞു. മുഖ്യമന്ത്രി മൗനം വെടിയണം. മുന്കാലങ്ങളില് അന്വേഷണത്തിന് മുറവിളിക്കൂട്ടിയവര്ക്ക് ഇപ്പോള് അന്വേഷണം വേണ്ട. അന്വേഷണം ആവശ്യപ്പെടുന്നവരെ തല്ലിച്ചതയ്ക്കുന്ന സാഹചര്യമാണുള്ളതെന്നും കെ സി വേണുഗോപാല് പറഞ്ഞു.
'എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടത് സതീശന് വേണ്ടി': പി വി അന്വര്എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് ജനറല് സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള വാര്ത്ത സര്ക്കാരിനെതിരെ വ്യാപക വിമര്ശനത്തിനിടയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടേയും കൂടിക്കാഴ്ച സ്ഥിരീകരിച്ച് സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട് വന്നതോടെ കൂടിക്കാഴ്ച സമ്മതിച്ച് എം ആര് അജിത് കുമാര് മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്കി. സ്വകര്യ സന്ദര്ശനം ആയിരുന്നുവെന്നും ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നുമായിരുന്നു അജിത് കുമാര് വിശദീകരിച്ചത്.
ഇതിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര് രംഗത്തെത്തി. എഡിജിപി-ആര്എസ്എസ് നേതാവ് കൂടിക്കാഴ്ച എന്തിനെന്നായിരുന്നു ബിനോയ് വിശ്വം ചോദിച്ചത്. സ്വകാര്യ സന്ദര്ശനമാണെങ്കിലും അതെന്തിനാണെന്ന് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡിജിപി എം ആര് അജിത് കുമാര് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. അജിത് കുമാര് മുഖ്യമന്ത്രിയുടെ ദൂതുമായി ആര്എസ്എസ് നേതാവിനെ കാണുകയായിരുന്നു. എഡിജിപി, ആര്എസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. എഡിജിപിയും ആര്എസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില് അത് ഗൗരവതരമായ കാര്യമെന്നായിരുന്നു സിപിഐ സംസ്ഥാന കൗണ്സില് അംഗം വി എസ് സുനില് കുമാര് പ്രതികരിച്ചത്. അതിനിടെ ആരോപണങ്ങളെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും രംഗത്തെത്തി. സതീശന്വെച്ചത് ഉണ്ടയില്ലാ വെടിയെന്നായിരുന്നു സുരേന്ദ്രന് പറഞ്ഞത്. സതീശന് തലയ്ക്ക് ഓളമാണെന്നും അദ്ദേഹം ആളുകളെ വിഡ്ഢികളാക്കുകയാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്ത്തു.