തലപ്പുഴ: വയനാട് തലപ്പുഴയിലെ റിസര്വ് വനത്തില് നിന്ന് മരം മുറിച്ച് കടത്തിയ വനപാലകര്ക്കെതിരെ നടപടി. മരം മുറിച്ച വനപാലകര്ക്കെതിരെ നടപടിക്ക് ശുപാര്ശ ചെയ്ത് ഡിഎഫ്ഒ. കണ്ണൂര് സിസിഎഫിന് ഡിഎഫ്ഒ റിപ്പോര്ട്ട് കൈമാറി. മൂന്ന് പേര്ക്കെതിരെയാണ് റിപ്പോര്ട്ട് നല്കിയത്. മരം മുറിക്കുന്ന സമയത്ത് ഡ്യൂട്ടിയില് ഉണ്ടായിരുന്നവര്ക്കെതിരെയാണ് നടപടിക്ക് ശുപാര്ശ. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്, രണ്ട് ഫോറസ്റ്റര്മാര് എന്നിവര്ക്കെതിരെയാണ് റിപ്പോര്ട്ട് നല്കിയത്.
വയനാട് വനപാലകർ മരം മുറിച്ച് കടത്തിയ സംഭവം; റിപ്പോർട്ടർ തേടി വനംവകുപ്പ് മന്ത്രിനേരത്തെ മരം മുറിച്ച് കടത്തിയതില് വനംവകുപ്പ് മന്ത്രി റിപ്പോര്ട്ട് തേടിയിരുന്നു. 73 വനങ്ങളാണ് വനപാലകര് അനുമതിയില്ലാതെ മുറിച്ച് കടത്തിയത്. കഴിഞ്ഞ മാസം 29നാണ് നോര്ത്ത് വയനാട് ഡിവിഷനിലെ ബേഗൂര് റെയ്ഞ്ചില് ഉള്പ്പെട്ട 43, 44 വനങ്ങളിലെ മരം മുറിച്ച് കടത്തിയത്. ഒരു കിലോമീറ്ററോളം ദൂരത്തില് ഫെന്സിങ് നിര്മാണ പ്രവര്ത്തനത്തിന്റെ മറവിലാണ് മരങ്ങള് മുറിച്ച് കടത്തിയത്.
ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്ഥരില് നിന്നും തേടിയിട്ടുണ്ടായിരുന്നില്ല. 30 സെന്റീമീറ്ററിലധികം വലുപ്പമുള്ള മരങ്ങള് മുറിച്ച് മാറ്റണമെങ്കില് ഡിഎഫിഒയുടെ അടക്കം അനമുതി വേണം. അഞ്ച് മരങ്ങളിലധികം മുറിക്കണമെങ്കില് സിസിഎഫിന്റെ അനുമതി വേണം. അതേസമയം വനപാലകര് മരം മുറിച്ച് മാറ്റിയതില് പ്രതിഷേധവുമായി മാനന്തവാടി ഡിഎഫ്ഒ ഓഫീസില് യൂത്ത് കോണ്ഗ്രസ് നേതൃത്വത്തില് പ്രതിഷേധം സംഘടിപ്പിച്ചു.