തിരുവനന്തപുരം: ആര്എസ്എസ് നേതാവുമായുള്ള എഡിജിപി എം ആര് അജിത് കുമാറിന്റെ കൂടിക്കാഴ്ചയില് വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്എസ്എസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പാലമാണ് എം ആര് അജിത് കുമാറെന്ന് ചെന്നിത്തല ആരോപിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല പ്രതികരിച്ചു.
'ബിജെപിയുമായുള്ള സിപിഐഎം ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇപ്പോഴും ബിജെപി-സിപിഐഎം ബന്ധം തുടരുന്നു. ബിജെപിയെ സഹായിക്കാന് പിണറായി എന്തും ചെയ്യും. തൃശൂര് പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില് രഹസ്യധാരണയുണ്ട്.
ജാവദേക്കറെ കണ്ട ഇപിയുടെ പദവി പോയി. ഇവിടെ ആരുടെ പദവിയാണ് പോകേണ്ടത്? എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനാണ്? പി ശശിക്കെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ടാണ്? ഇരട്ടചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഒരു ചങ്ക് പോലുമില്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഈ കൂടിക്കാഴ്ച സാധിക്കുമോ? ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആര്എസ്എസ് നേതാവിനെ കണ്ടതെന്ന ചോദ്യത്തിന് സുരേഷ് ഗോപിയും ബിജെപിയും മറുപടി പറയണം', ചെന്നിത്തല ആവശ്യപ്പെട്ടു. തൃശൂര് പൂരത്തെ പറ്റിയുള്ള റിപ്പോര്ട്ട് പുറത്ത് വിടണമെന്നും ചെന്നിത്തല വെല്ലുവിളിച്ചു.
ആര്എസ്എസ് നേതാവ് ദത്താത്രയ ഹൊസബാളെയുമായി എം ആര് അജിത്കുമാര് കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല് സ്വകാര്യ സന്ദര്ശനമായിരുന്നു നടന്നതെന്നും ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരമാണ് പോയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നല്കിയ വിശദീകരണത്തില് എം ആര് അജിത്കുമാര് പറഞ്ഞു.