കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്ച്ച ഇന്ന് കൊച്ചിയില് നടക്കും. നിര്മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ചര്ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര് ചര്ച്ചയില് പങ്കെടുക്കും. സംവിധായകന് ഷാജി എന് കരുണ് ആണ് സമിതിയുടെ അധ്യക്ഷന്. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സും പ്രൊഡ്യൂസേഴ്സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.
നയരൂപീകരണ സമിതിയില് മുകേഷ് ഉള്പ്പെട്ടത് വലിയ വിവാദമായിരുന്നു. തുടര്ന്ന് മുകേഷിനെ ഒഴിവാക്കുകയായിരുന്നു. സിപിഐഎമ്മിന്റെ നിര്ദേശപ്രകാരമാണ് പീഡനകേസില് പ്രതിയായ മുകേഷിനെ സമിതിയില് നിന്ന് മാറ്റിയത്. മുകേഷ് ഒഴികെയുള്ള 10 പേരാണ് ഇന്നത്തെ ചര്ച്ചയില് പങ്കെടുക്കുന്നത്. ഷാജി എന് കരുണ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, മഞ്ജു വാര്യര്, ബി ഉണ്ണികൃഷ്ണന്, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്. വ്യക്തിപരമായ അസൗകര്യങ്ങള് ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില് പങ്കെടുക്കില്ലെന്നാണ് വിവരം.
സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്സും പ്രൊഡ്യൂസേഴ്സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില് ഫെഫ്ക ഉള്പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില് ഭാരവാഹികള് ഇല്ലാത്തതിനാല് സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള് നിലവില് വന്ന ശേഷമായിരിക്കും ചര്ച്ച നടത്തുക.
സിനിമ കോണ്ക്ലേവിന് മുന്പായി ഒരു കരട് തയ്യാറാക്കുക എന്നുള്ളതാണ് ലക്ഷ്യം. വിവിധ സംഘടനകളുമായി ചര്ച്ച നടത്തി കരട് ഡ്രാഫ്റ്റ് തയ്യാറാക്കി അത് സിനിമ കോണ്ക്ലേവില് അവതരിപ്പിക്കും. അവിടെ ഉയരുന്ന ചര്ച്ചകളുടേയും അഭിപ്രായങ്ങളുടേയും വിശദമായ ഡ്രാഫ്റ്റ് തയ്യാറാക്കി സര്ക്കാരിന്റേയും പ്രതിപക്ഷത്തിന്റേയും പരിഗണനയിലേക്ക് വെയ്ക്കും. അവരുടെ കൂടെ അഭിപ്രയത്തെ തുടര്ന്നായിരിക്കും ഒരു സിനിമ നയം സര്ക്കാര് രൂപീകരിക്കുക. ക്ലോണ്ക്ലേവ് നീണ്ടുപോകുന്നതിനുള്ള സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായിട്ടില്ല. നയരൂപീകരണ സമിതി വിവിധ സംഘടനകളുമായി നടത്തുന്ന ചര്ച്ചകളുടേയും കൂടിക്കാഴ്ച്ചകളുടേയും പശ്ചാത്തലത്തിലായിരിക്കും കോണ്ക്ലേവിന്റെ തീയതി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുക എന്നാണ് സൂചന.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്കെതിരായ പരാതി; പി വി അന്വറിന്റെ മൊഴി ഇന്നെടുക്കും2023 ഓഗസ്റ്റില് നയരൂപീകരണ സമിതി രൂപീകരിച്ചെങ്കിലും ഇതുവരെയും ചര്ച്ചയിലേക്ക് കടക്കാന് കഴിഞ്ഞിരുന്നില്ല. നയരൂപീകരണ സമിതിയുടെ ആദ്യ ചര്ച്ചയാണ് ഇന്ന് നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്റേയും പൊതുവായ സിനിമാ നയം രൂപീകരിക്കുന്നതിന്റെ ആവശ്യകതയുടേയും പശ്ചാത്തലത്തിലായിരുന്നു ഷാജി എന് കരുണ് അധ്യക്ഷനായി സിനിമാ നയരൂപീകരണ സമിതി രൂപീകരിച്ചത്.