തിരുവനന്തപുരം: കടയ്ക്കാവൂര് കീഴാറ്റിങ്ങലില് അവയവക്കടത്തിന് ശ്രമിച്ച കേസില് പരാതിക്കാരിയുടെ നിര്ണായക വെളിപ്പെടുത്തല്. ആറ്റിങ്ങല് സ്വദേശിയായ സുഹൃത്ത് രതീഷ് സുശീലന് വിദേശത്ത് തൊഴില് വാഗ്ദാനം ചെയ്താണ് അവയവക്കടത്ത് മാഫിയയുടെ അടുക്കല് എത്തിച്ചതെന്ന് യുവതി പറഞ്ഞു. അവയവ ദാനത്തിനുള്ള രേഖകള് കിട്ടാതെ വന്നപ്പോള് വിവാഹ വാഗ്ദാനം നല്കിയെന്നും യുവതി റിപ്പോര്ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ വര്ഷമാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. രതീഷ് സുശീലനും കുടുംബവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. വിദേശത്ത് തൊഴില് ശരിയാക്കി നല്കാമെന്ന് രതീഷാണ് പറഞ്ഞത്. വിദേശയാത്രയുടെ ഭാഗമെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് അഞ്ചോളം തവണ രക്തപരിശോധനയ്ക്ക് കൊണ്ടുപോയി. എംആര്ഐ, സിടി സ്കാന് അടക്കമെടുത്തു. അവയവമെടുക്കുന്നതിനുള്ള പരിശോധനയാണ് നടന്നതെന്ന് പിന്നീടാണ് മനസിലായത്. ഇതോടെ ഒഴിഞ്ഞുമാറാന് തുടങ്ങി. ഇതിനിടെ രതീഷും അമ്മയും വിവാഹ വാഗ്ദാനം നല്കി. തീര്ത്തും പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണി ഉയര്ന്നു. വീട്ടില് നില്ക്കാന് സാധിക്കാത്ത അവസ്ഥയുണ്ടായതോടെ ഓഗസ്റ്റ് പതിനഞ്ചിന് പൊലീസില് പരാതി നല്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
'എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടത് സതീശന് വേണ്ടി': പി വി അന്വര്എസ്സി, എസ്ടി ആക്ട് പ്രകാരം യുവാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പൊലീസില് പരാതി നല്കിയത്. രതീഷ് പിടിയിലായതോടെയാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് അവയവക്കടത്ത് സംഘം സജീവമെന്നുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്ന്ന് വര്ക്കല എഎസ്പി ദീപക് ധന്കറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷണം നടത്തി. വൈകാതെ മലപ്പുറം സ്വദേശിയായ നജ്മുദ്ദീന്, കൊട്ടാരം സ്വദേശി ശശി എന്നിവര് പിടിയിലായി. ഈ റാക്കറ്റില് ഉള്പ്പെട്ട പത്ത് പേര് പൊലീസിന്റെ ലിസ്റ്റിലുണ്ട്. ഇവരെ പറ്റി ചോദിച്ചപ്പോള് അറിയില്ലെന്നാണ് യുവതി പൊലീസിന് മൊഴി നല്കിയത്. രതീഷിന്റെ അമ്മയ്ക്ക് അവയവക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്. രതീഷ് വൃക്ക ദാനം ചെയ്തിട്ടുണ്ടെന്നും പൊലീസ് അന്വേഷണത്തില് വ്യക്തമായി.