തൃശൂർ: എഡിജിപി എം ആര് അജിത് കുമാര് ആര്എസ്എസ് ജനറല് സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില് പ്രതികരണവുമായി സിപിഐ സംസ്ഥാന കൗണ്സില് അംഗം വി എസ് സുനില്കുമാര്. എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടു എന്നുള്ളത് വെറും വാര്ത്തയാണ്. വസ്തുത അല്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില് ഗൗരവമായ കാര്യമാണെന്നും വി എസ് സുനില്കുമാര് മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂര് പൂരം കലക്കാനാണ് എം ആര് അജിത് കുമാര് ആര്എസ്എസ് നേതാവിനെ കണ്ടതെന്നാണ് വാര്ത്തകള്. അങ്ങനെയെങ്കില് പൂരം കലക്കാന് കൂട്ടുനിന്നതില് ഒരു കക്ഷി ആര്എസ്എസ് ആണെന്ന് ഉറപ്പിക്കാം. പൂരം കലക്കാന് ഉദ്ദേശമുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില് ആര്എസ്എസ് അത് തടയണമായിരുന്നു. പൂരത്തോട് സ്നേഹമുണ്ടായിരുന്നെങ്കില് അവര് അത് ചെയ്യുമായിരുന്നു. പൂരം കലക്കിയാല് ജയിക്കുമെന്നുള്ളത് ആര്എസ്എസിന്റെ താത്പര്യമായിരുന്നുവെന്നും വി എസ് സുനില്കുമാര് പറഞ്ഞു.
ഇടതുപക്ഷ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തില്ലെന്നും സുനില്കുമാര് പറഞ്ഞു. സര്ക്കാരിനെ പൂര്ണമായും വിശ്വസിക്കുന്നു. പൂരം കലക്കല് അന്വേഷണ റിപ്പോര്ട്ട് സര്ക്കാര് പുറത്ത് വിടണമെന്നാണ് ആഗ്രഹം. സത്യം പുറത്ത് വരണം. ഇതിന് പിന്നിലുള്ള രാഷ്ട്രീയത്തെ പറ്റി ഒന്നും പറയുന്നില്ലെന്നും സുനില്കുമാര് കൂട്ടിച്ചേര്ത്തു.
ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തി: സമ്മതിച്ച് എഡിജിപി, സ്വകാര്യസന്ദര്ശനമെന്ന് വിശദീകരണംക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര് അജിത് കുമാര് ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യം സമ്മതിച്ചുകൊണ്ട് എഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്കി. സ്വകര്യ സന്ദര്ശനം ആയിരുന്നുവെന്നും ഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരമാണ് പോയതെന്നും അജിത് കുമാര് വിശദീകരിച്ചു.
പാറമേക്കാവ് വിദ്യാമന്ദിര് ആര്എസ്എസ് ക്യാമ്പിനിടെയായിരുന്നു ജനറല് സെക്രട്ടറി ദത്താത്രയ ഹൊസബാളെയുമായി അജിത് കുമാര് കൂടിക്കാഴ്ച നടത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കി ആര്എസ്എസ് നേതാവിന്റെ കാറിലാണ് എഡിജിപി എത്തിയതെന്ന് സ്പെഷ്യല് ബ്രാഞ്ച് റിപ്പോര്ട്ട് നല്കിയിരുന്നു. ആര്എസ്എസ് ജനറല് സെക്രട്ടറി ദത്താത്രേയ ഹൊസബാളെ തൃശൂരില് പഞ്ചനക്ഷത്ര ഹോട്ടലില് താമസിച്ച ദിവസം അവിടെ എത്തിയിരുന്നതായും റിപ്പോര്ട്ടില് ചൂണ്ടിക്കാട്ടിയിരുന്നു.