തൃശ്ശൂര്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ പാര്ട്ടി നേതാക്കളുടെ ആരോപണത്തില് ഗൂഢാലോചനയുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്. ആര്എസ്എസ് നേതാക്കളുമായി നീക്കുപോക്കിന് തയാറാകാത്ത പാര്ട്ടിയാണ് സിപിഐഎം എന്നും അദ്ദേഹം പറഞ്ഞു.
ആര്എസ്എസും സിപിഐഎമ്മും തമ്മില് ബന്ധമുണ്ടെന്ന് ആരോപിക്കുന്നവര് ആര്എസ്എസുമായി വോട്ടുകച്ചവടം നടത്തുന്നവരാണ്. കോണ്ഗ്രസിന്റെ എല്ലാ നേതാക്കളും ആര്എസ്എസ് ബന്ധം പുലര്ത്തിയവരാണ്. കോണ്ഗ്രസിന്റെ 86,965 വോട്ടുകള് തൃശൂരില് നിന്ന് ബിജെപിയിലേക്ക് പോയി. തൃശൂരില് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞത് കോണ്ഗ്രസിന്റെ മുന് നേതാവ് പത്മജ വേണുഗോപാലാണ്. എകെ ആന്റണിയുടെ മകന് ബിജെപി സ്ഥാനാര്ഥിയായി മല്സരിച്ചുവെന്നും വിജയരാഘവന് പറഞ്ഞു.
ആര്എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിവരം അറിഞ്ഞിട്ടും പതിനാറ് മാസം വി ഡി സതീശന് ഒളിപ്പിച്ച് വച്ചത് എന്തിനാണ്. ക്രമസമാധാനപാലന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് എം ആര് അജിത്കുമാര്. ആര്എസ്എസ് നേതാവ് ദത്താത്രേയെ കണ്ടത് എന്തിനാണെന്ന് അറിയില്ല. കൂടിക്കാഴ്ചയുടെ കാരണം അറിയാതെ അതില് പ്രതികരിക്കാനാകില്ലെന്നും എ വിജയരാഘവന് കൂട്ടിച്ചേര്ത്തു.
അതേസമയം എഡിജിപി എം ആര് അജിത് കുമാര് മുഖ്യമന്ത്രി പിണറായി വിജയന്റെ ദൂതനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. എം ആര് അജിത് കുമാര് മുഖ്യമന്ത്രിയുടെ ഒരു ദൂതുമായി ആര്എസ്എസ് നേതാവിനെ കാണുകയായിരുന്നു. എഡിജിപി ആര്എസ്എസ് നേതാവിനെ കണ്ടതിന്റെ തെളിവ് തന്റെ കൈവശമുണ്ടെന്നും വി ഡി സതീശന് പറഞ്ഞു. അതേസമയം അജിത് കുമാറിന് സിപിഐഎമ്മുമായി ബന്ധമുണ്ടെന്ന് താന് പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.