കോഴിക്കോട്: മദ്യ നിരോധനം നിലനില്ക്കുന്ന ലക്ഷദ്വീപിലേക്ക് കേരളത്തില് നിന്ന് ബെവ്കോ മദ്യം എത്തിക്കും. നേരത്തെ ലക്ഷദ്വീപില് ടൂറിസം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന് കൗണ്സില് നേരത്തെ കേരള സര്ക്കാരിന് കത്ത് നല്കിയിരുന്നു. ഇതേ പറ്റി പഠിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യം നല്കാമെന്ന് കേരളം സമ്മതിച്ചത്. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില് അനുമതി.
നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം ലക്ഷദ്വീപിലേക്ക് കയറ്റുമതി ചെയ്യാന് സാധിക്കില്ല. അതിനാല് നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു. കൊച്ചിയിലെ വെയര്ഹൗസുകളില് നിന്നാണ് മദ്യമെത്തിക്കുക.
കര്ശനമായി മദ്യനിരോധനം നടപ്പിലാക്കുന്ന ദ്വീപില് ഇപ്പോള് ജനവാസമില്ലാത്ത ബങ്കാരം ദ്വീപില് മാത്രമാണ് നിലവില് നിയന്ത്രങ്ങളോട് കൂടി മദ്യം വിളമ്പുന്നത്. കവരത്തി, മിനിക്കോയ്, കടമം റിസോര്ട്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കാന് ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. എന്നാല് ഇപ്പോഴത്തെ നീക്കത്തോടെ എല്ലാ ദ്വീപുകളിലും മദ്യമെത്തിക്കാനാണ് ശ്രമം.
ലക്ഷദ്വീപ് എംപിയും വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളും ഈ നീക്കങ്ങളില് ശക്തമായ എതിര്പ്പുയര്ത്തിയിട്ടുണ്ട്. എന്നാല് ദ്വീപില് ടൂറിസം വളരണമെങ്കില് മദ്യം ലഭിക്കുന്ന അവസ്ഥയുണ്ടാവണമെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ നിലപാട്.