സർക്കാർ ആശുപത്രികളിൽ സിനിമാ ഷൂട്ടിംഗ് പൂർണമായും നിരോധിച്ചു കൊണ്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. ജൂണിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദ് ഫാസിൽ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സമിതി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ ആശുപത്രി സൂപ്രണ്ടുമാർക്ക് ആവശ്യമായ നിർദേശം നൽകാനും ആരോഗ്യവകുപ്പ് ഡയറക്ടറോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
കാഷ്വാലിറ്റി പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനത്തിന് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം തടസ്സമുണ്ടാക്കുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും രോഗികൾക്ക് പരിചരണം നൽകിയിരുന്നതായി പറയുന്നുണ്ട്. എന്നാൽ സർക്കാർ ആശുപത്രികൾ ആളുകൾ ചികിത്സയ്ക്കായി വരുന്ന സ്ഥലമാണെന്നും അവിടെ ഷൂട്ടിംഗിന് അനുമതി നൽകുന്നത് അധികൃതരുടെ പിഴവാണെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.
നിർമാതാവായി റാണ ദഗ്ഗുബതി, നായകനായി ദുൽഖർ സൽമാൻ; 'കാന്ത' ചിത്രീകരണം ആരംഭിച്ചുനടൻ ഫഹദ് ഫാസിൽ നിർമ്മിക്കുന്ന 'പൈങ്കിളി' എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്നിരുന്നത്. വെടിവെപ്പ് രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിച്ചിരുന്നത്. ഷൂട്ടിംഗ് സുഗമമാക്കാൻ എമർജൻസി റൂമിലെ ലൈറ്റുകൾ ഡിം ചെയ്തിട്ടുണ്ടെന്നാണ് അന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. അഭിനേതാക്കളടക്കം അമ്പതോളം പേർ ഈ സമയത്ത് കാഷ്വാലിറ്റി ഡിപ്പാർട്ട്മെൻ്റിലുണ്ടായിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ചാണ് വെടിവെയ്പ്പ് സീൻ ചിത്രീകരിക്കാൻ അനുമതി നൽകിയതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നേരത്തെ തന്നെ അറിയിച്ചിരുന്നു. ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് ഷൂട്ടിംഗ് നടന്നതെന്നും രണ്ട് ദിവസത്തെ ചിത്രീകരണത്തിന് 10,000 രൂപ നൽകിയെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അറിയിച്ചിരുന്നു.