കൊച്ചി: ഗോവയില് ക്രിസ്ത്യാനികളുടെ എണ്ണം കുറയുകയും മുസ്ലിം ജനസംഖ്യ കൂടുകയും ആണെന്ന വിവാദ പരാമര്ശവുമായി ഗോവ ഗവര്ണര് പി എസ് ശ്രീധരന്പിള്ള. എറണാകുളം കരുമാലൂര് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങില് പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്പിള്ള ഈ പരാമര്ശം നടത്തിയത്.
ഗോവയില് ക്രൈസ്തവര് 36ല് നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരന്പിള്ളയുടെ വാദം. മുസ്ലിം ജനസംഖ്യ 3ല് നിന്ന് 12% ആയും ഉയര്ന്നു. ഇതില് പോസിറ്റിവായി അന്വേഷണം നടത്തണമെന്ന് ഗോവന് ആര്ച്ച് ബിഷപ്പിനോട് താന് ആവശ്യപ്പെട്ടെന്നും ശ്രീധരന്പിള്ള പറഞ്ഞു.
പരാമര്ശം വിവാദമായതോടെ വിശദീകരണവുമായി ശ്രീധരന്പിള്ള രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മതങ്ങളെ എടുത്തുപറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണ്. ആനുപാതികമല്ലാത്ത വളര്ച്ചയില് ചര്ച്ച ഉണ്ടാകണമെന്നും ശ്രീധരന്പിള്ള വിശദീകരിച്ചു.