തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ മാറ്റം കൂടുതൽ ഫലപ്രദമാക്കാന് ഒമ്പതംഗ ഉപദേശക സമിതി രൂപീകരിച്ച് സർക്കാർ. രണ്ട് വർഷം കാലാവധിയുളള സമിതിയിൽ വിദഗ്ധരായ ഡോക്ടർമാരും സാമൂഹ്യപ്രവർത്തകരും, അവയവം സ്വീകരിച്ചവരുടെ പ്രതിനിധികൾ അടക്കമുള്ളവരും അംഗങ്ങളാകും.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ഉപദേശക സമിതി രൂപീകരിക്കുന്നത്. 1994ലെ ട്രാന്സ്പ്ലാന്റേഷന് ഓഫ് ഹ്യൂമണ് ഓര്ഗണ്സ് ആക്ട് പ്രകാരമായിരിക്കും ഈ സമിതി പ്രവര്ത്തിക്കുക എന്ന് മന്ത്രി വീണ് ജോർജ് അറിയിച്ചു. അപ്രോപ്രിയേറ്റ് അതോറിറ്റിയെ സഹായിക്കുകയും മാര്ഗനിര്ദേശങ്ങള് നല്കുകയും ചെയ്യുക എന്നതാകും ഈ ഉപദേശക സമിതിയുടെ ചുമതലകള്. അവയവദാന പ്രക്രിയ കൂടുതല് സുതാര്യമാക്കാനുള്ള നടപടികളും സമിതി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറിയായിരിക്കും ഈ സമിതിയുടെ അധ്യക്ഷൻ. മെമ്പര് സെക്രട്ടറി, മെഡിക്കല് വിദഗ്ധര്, സാമൂഹ്യ പ്രവര്ത്തകര്, നിയമ വിദഗ്ധര്, സര്ക്കാര് ഇതര സംഘടന/ അവയവം സ്വീകരിച്ചവരുടെ പ്രതിനിധികള് എന്നിവരും ഈ സമിതിയിൽ അംഗങ്ങളാകും. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ടി കെ ജയകുമാർ, അമൃത ആശുപത്രിയിലെ ഡോക്ടർ എസ് സുധീന്ദ്രൻ എന്നിവർ സമിതിയിലെ മെഡിക്കൽ വിദഗ്ധർ. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് മെമ്പര് സെക്രട്ടറി. സാമൂഹിക പ്രവര്ത്തകനായി പൊതുജനാരോഗ്യ വിദ്ഗധന് ഡോ. വി രാമന്കുട്ടി, സാമൂഹിക പ്രവര്ത്തകയായി ഡോ. ഖദീജ മുതാംസ്, നിയമ വിദഗ്ധനായി റിട്ടേയര്ഡ് ജില്ലാ ജഡ്ജ് എം. രാജേന്ദ്രന് നായര്, മറ്റ് അംഗങ്ങളായി തിരുവനന്തപുരം മെഡിക്കല് കോളേജ് ഓഫ്താല്മോളജി വിഭാഗം മുന് പ്രൊഫസര് & എച്ച്.ഒ.ഡി. ഡോ. വി. സഹസ്രനാമം, അവയവം സ്വീകരിച്ചവരുടെ പ്രതിനിധിയായി ലിവര് ഫൗണ്ടേഷന് ഓഫ് കേരളയുടെ സെക്രട്ടറി എം.കെ. മനോജ് കുമാര് തുടങ്ങിയവരെയാണ് സമിതി അംഗങ്ങളായി നിയമിച്ചിട്ടുള്ളത്.