തിരുവനന്തപുരം: നഗരസഭ പരിധിയിൽ കുടിവെള്ള പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ കേരള യൂണിവേഴ്സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പരീക്ഷ നടത്തുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. അതേസമയം, റെയിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകും. രാത്രി 10 മണിയോടെ ജലവിതരണം പുനസ്ഥാപിച്ചു. പ്രവർത്തി നീണ്ടത് അപ്രതീക്ഷിത തടസ്സങ്ങൾക്ക് കാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
തിരുവനന്തപുരം-നാഗർകോവിൽ പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെൻഡ് ഒഴിവാക്കണമെന്ന റെയിൽവേയുടെ നിബന്ധനയെ തുടർന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎംഡിഐ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു. 48 മണിക്കൂറിനുള്ളിൽ പ്രവർത്തി പൂർത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടൽ. നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തികൾ പൂർത്തിയാക്കി വാൽവ് ഘടിപ്പിക്കുകയും ചെയ്തു. എന്നാൽ ലൈൻ ചാർജ് ചെയ്തപ്പോൾ വാൽവിൽ അപ്രതീക്ഷിതമായി സംഭവിച്ച ചോർച്ചയാണ് പ്രതിസന്ധിയിക്ക് കാരണമായത്. വാൽവ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു ഒരേ ഒരുവഴി. എന്നാൽ ഇതിന് ചാർജ് ചെയ്തപ്പോൾ പൈപ്പിൽ നിറഞ്ഞിരുന്ന വെള്ളം മുഴുവൻ മാറ്റേണ്ടിയിരുന്നു.
ലൈനിലെ വെള്ളം നീക്കം ചെയ്തതിന് ശേഷമാണ് ജോലി പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. വെള്ളം നീക്കം ചെയ്യുന്നതിന് വേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടി വന്നു. പ്രവർത്തി നീണ്ടു പോകുന്നതിന് ഇതും കാരണമായി. തുടർന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ച് വാൽവ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂർത്തിയാക്കി. ദ്രുതഗതിയിൽ ജോലി തീർക്കുന്നതിന്റെ ഭാഗമായി ഇരുവശത്തു നിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈൻമെന്റിൽ മൂന്നു സെന്റിമീറ്റർ വ്യത്യാസം വന്നു. ഇത് പരിഹരിക്കുന്നതിന് മണ്ണ് നീക്കം ചെയ്ത് ലെവൽ ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്ത് വാൽവ് ഘടിപ്പിക്കുകായിരുന്നു. മുൻകൂട്ടി കാണാൻ സാധിക്കാത്ത തടസ്സങ്ങൾ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം സംഭവിക്കാൻ കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി.