ചോരക്കുഞ്ഞിൻറെ മൃതദേഹം ബാഗിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്

കുഞ്ഞിൻറെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്

dot image

തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം മേൽപ്പാലത്തിൽ ചോരക്കുഞ്ഞിൻറെ മൃതദേഹം ബാഗിലാക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കുഞ്ഞിൻറെ മൃതദേഹം ഉപേക്ഷിച്ചതാരാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ ജഡമാണിതെന്ന് തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനെയും രണ്ടാം പ്ലാറ്റ്ഫോമിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മേൽ പാലത്തിൻറെ ലിഫ്റ്റിന് ഒരു വശത്തായി ശുചീകരണ തൊഴിലാളി സ്കൂൾ ബാഗ് കണ്ടെത്തിയത്.

സംശയം തോന്നിയ തൊഴിലാളി ഇത് ആർപിഎഫ് ഉദ്യോഗസ്ഥയെ അറിയിക്കുകയായിരുന്നു. തുടർന്ന് അവരുടെ നിർദ്ദേശപ്രകാരം ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്നഗിയിൽ പൊതിഞ്ഞ നിലയിൽ പിഞ്ചുകുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. റെയിൽവേ പൊലീസിനെ ഉടൻ വിവരം അറിയിക്കുകയും സ്ഥലത്തെത്തി മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഡോക്ടർമാരുടെ പ്രാഥമിക പരിശോധനയിൽ പ്രസവം ആശുപത്രിയിൽ തന്നെ നടന്നതാണെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിൻറെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ ബാൻഡേജും കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ചിരുന്ന തുണിയും ആശുപത്രിയിലേതാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പുലർച്ചയുള്ള വണ്ടികളിൽ വന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തിയാണ് അന്വേഷണം.

dot image
To advertise here,contact us
dot image