തലസ്ഥാനത്തെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക്; പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചു

പ്രവര്ത്തി നീണ്ടത് അപ്രതീക്ഷിത തടസ്സങ്ങള് കാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു

dot image

തിരുവനന്തപുരം: റെയില് പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് മാറ്റി സ്ഥാപിച്ചു. ഇതോടെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം സാധാരണ നിലയിലാകും. രാത്രി 10 മണിയോടെയാണ് ജലവിതരണം പുനസ്ഥാപിച്ചത്. പ്രവര്ത്തി നീണ്ടത് അപ്രതീക്ഷിത തടസ്സങ്ങള് കാരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.

തിരുവനന്തപുരം- നാഗര്കോവില് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ജഗതി സിഐടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. ഇരട്ടിപ്പിക്കുന്ന പാതയുടെ അടിയിലൂടെ പോകുന്ന പൈപ്പിന്റെ ബെന്ഡ് ഒഴിവാക്കണമെന്ന റെയില്വേയുടെ നിബന്ധനയെ തുടര്ന്നാണ് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 700 എംഎംഡിഐ പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.

48 മണിക്കൂറിനുള്ളില് പ്രവര്ത്തി പൂര്ത്തിയാക്കാം എന്നായിരുന്നു കണക്കുകൂട്ടല്. നിശ്ചിത സമയത്തിനുള്ളില് പ്രവര്ത്തികള് പൂര്ത്തിയാക്കി വാല്വ് ഘടിപ്പിക്കുകയും ചെയ്തു. എന്നാല് ലൈന് ചാര്ജ് ചെയ്തപ്പോള് വാല്വില് അപ്രതീക്ഷിതമായി സംഭവിച്ച ചോര്ച്ചയാണ് പ്രതിസന്ധിയിക്ക് കാരണമായത്. വാല്വ് ഊരി വീണ്ടും ഘടിപ്പിക്കുക മാത്രമായിരുന്നു ഒരേ ഒരുവഴി. എന്നാൽ ഇതിന് ചാര്ജ് ചെയ്തപ്പോള് പൈപ്പില് നിറഞ്ഞിരുന്ന വെള്ളം മുഴുവന് മാറ്റേണ്ടിയിരുന്നു.

ലൈനിലെ വെള്ളം നീക്കം ചെയ്തതിന് ശേഷമാണ് ജോലി പുനരാരംഭിക്കാന് കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. വെള്ളം നീക്കം ചെയ്യുന്നതിന് വേണ്ടി മാത്രം ഏഴു മണിക്കൂറോളം വേണ്ടി വന്നു. പ്രവര്ത്തി നീണ്ടു പോകുന്നതിന് ഇതും കാരണമായി. തുടര്ന്ന് പൈപ്പും ബെന്റുകളും സ്ഥാപിച്ച് വാല്വ് മാത്രം സ്ഥാപിക്കേണ്ട ജോലി വരെ പൂര്ത്തിയാക്കി. ദ്രുതഗതിയില് ജോലി തീര്ക്കുന്നതിന്റെ ഭാഗമായി ഇരുവശത്തു നിന്നും പൈപ്പ് സ്ഥാപിച്ചു. അതിനിടെ യോജിപ്പിക്കുന്ന സ്ഥലത്ത് അലൈന്മെന്റില് മൂന്നു സെന്റിമീറ്റര് വ്യത്യാസം വന്നു. ഇത് പരിഹരിക്കുന്നതിന് മണ്ണ് നീക്കം ചെയ്ത് ലെവല് ആക്കുന്നതിനിടെ ചുവടു ഭാഗത്തെ മണ്ണിടിഞ്ഞതോടെ വീണ്ടും പ്രതിസന്ധിയായി. പിന്നീട് ഈ മണ്ണ് നീക്കം ചെയ്ത് വാല്വ് ഘടിപ്പിക്കുകായിരുന്നു.

കുടിവെള്ള വിതരണം മുടങ്ങിയതിന് പിന്നിൽ സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ

മുന്കൂട്ടി കാണാന് സാധിക്കാത്ത തടസ്സങ്ങള് ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില് കാലതാമസം സംഭവിക്കാന് കാരണമായതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയുടെ വിവരം അറിഞ്ഞയുടര് മന്ത്രി വി. ശിവന്കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്ത്തിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ പ്രവര്ത്തി സ്ഥലത്ത് എത്തിയ മന്ത്രി പുലര്ച്ചെ രണ്ടര വരെ അവിടെ തുടര്ന്നു. ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. രാവിലെ പത്തു മണിയോടെ വീണ്ടും എത്തിയ മന്ത്രി ആവശ്യമെങ്കില് കൂടുതല് ജോലിക്കാരെ നിയോഗിച്ച് എത്രയും വേഗം പണി പൂര്ത്തിയാക്കാന് നിര്ദേശം നല്കുകയും ചെയ്തിരുന്നു. ജനങ്ങള്ക്കുണ്ടായ ബുദ്ധിമുട്ടില് ഖേദം പ്രകടിപ്പിച്ച മന്ത്രി സാഹചര്യം മനസിലാക്കി സഹകരിച്ച ഏവരോടും നന്ദിയും രേഖപ്പെടുത്തി. എംഎല്എമാരായ കടകംപള്ളി സുരേന്ദ്രന്, ആന്റണി രാജു, വി കെ. പ്രശാന്ത്, മേയര് ആര്യാ രാജേന്ദ്രന് തുടങ്ങിയവര് പ്രതിസന്ധി ഒഴിവാക്കുന്നതിന് മുഴുവന് സമയവും രംഗത്തുണ്ടായിരുന്നു. മുഴുവന് സമയവും ക്യാമ്പ് ചെയ്ത് പ്രവര്ത്തികള്ക്ക് നേതൃത്വം നല്കിയ ജോയിന്റ് എംഡി ഡോ. ബിനു ഫ്രാന്സിസ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us