കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിബിഐ ഉദ്യോഗസ്ഥര് ചമഞ്ഞ് സൈബര് തട്ടിപ്പ്. സംഗീത സംവിധായകന് ജെറി അമല്ദേവില് നിന്നാണ് ഡിജിറ്റല് അറസ്റ്റിലൂടെ പണം തട്ടാന് ശ്രമിച്ചത്. സിബിഐ രജിസ്റ്റര് ചെയ്ത ഒരു കേസില് പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് സംഘം സമീപിച്ചത്. 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടുവെന്ന് ജെറി അമല്ദേവ് പറഞ്ഞു. ആരോടും പറയരുത് എന്ന് നിര്ദ്ദേശം നല്കിയെന്നും ഒരാഴ്ച്ച നിരന്തരം ഫോണിലൂടെ ബന്ധപെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു.
പണം പിന്വലിക്കാന് ബാങ്കില് എത്തിയപ്പോഴാണ് സംഗീത സംവിധായകന് തട്ടിപ്പ് മനസിലാകുന്നത്. അതുകൊണ്ട് പണം നഷ്ടപ്പെട്ടില്ല. ഫോൺ കട്ട് ചെയ്യാൻ തയ്യാറാകാതിരുന്ന തട്ടിപ്പുകാരൻ ബാങ്കിലെത്തുമ്പോഴും ജെറി അമൽദേവിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ബാങ്ക് മാനേജർ ഇത് തട്ടിപ്പാണെന്ന് പേപ്പറിൽ എഴുതി നൽകി. ഇതോടെയാണ് ഫോൺ കട്ട് ചെയ്ത് കൊച്ചി നോർത്ത് പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തത്.