ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ പലരും സിപിഐഎം ബന്ധമുള്ളവർ; കെ സുധാകരന്‍

സ്ത്രീകൾക്ക് സംരക്ഷണം കിട്ടിയ എന്ത് കഥയാണ് കേരളത്തിലുള്ളത്, ഹേമ കമ്മറ്റി റിപ്പോർട്ട് ഉൾപ്പടെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും സുധാകരൻ

dot image

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ പലരും സിപിഐഎം ബന്ധമുള്ളവരായത് കൊണ്ട് അവരെ സംരക്ഷിക്കുന്നതിനാണ് റിപ്പോർട്ട് നീട്ടി കൊണ്ട് പോയതെന്ന് കെ സുധാകരൻ. സ്ത്രീകൾക്ക് സംരക്ഷണം കിട്ടിയ എന്ത് കഥയാണ് കേരളത്തിലുള്ളത്. ഹേമ കമ്മറ്റി റിപ്പോർട്ട് ഉൾപ്പെടെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

പിണറായി വിജയനെതിരെ പലവട്ടം കേസുകൾ എടുക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്. പക്ഷേ കേന്ദ്ര സർക്കാർ പിണറായിയെ സംരക്ഷിച്ചു നിർത്തി. ബിജെപിയുടെ ഔദാര്യത്തിലാണ് കേരള സർക്കാർ നില നിന്ന് പോകുന്നത്. അതുകൊണ്ടാണ് പിണറായി ആർഎസ്എസിനെ താങ്ങി നിൽക്കുന്നത്. ആർഎസ്എസിന്റെ മുഖം മിനുക്കുന്ന പ്രതികരണമാണ് സ്പീക്കർ നടത്തിയത്. ആര്‍എസ്എസ് ശാഖ സംരക്ഷിച്ചുവെന്ന തന്‍റെ പ്രസ്താവന വേറൊരു സാഹചര്യത്തിലായിരുന്നു. അതും സ്പീക്കറുടെ പ്രതികരണവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസുമായി ചർച്ച നടത്തിയ കോൺഗ്രസ് എംപി ആരാണെന്ന് തങ്ങൾ പരിശോധിച്ചു വരികയാണ്. അങ്ങനെ ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.

ചാണ്ടി ഉമ്മൻ കേന്ദ്ര അഭിഭാഷക പാനലിൽ ഉൾപ്പെട്ടത് അഭിഭാഷകൻ എന്ന നിലയിൽ അംഗീകാരമാണ്. കേന്ദ്ര സർക്കാർ നയമല്ല പൊതുനയം, കേസുകളിൽ സ്വീകരിക്കുന്ന ന്യായമാണ് പ്രധാനം. കേസുകളിൽ എന്ത് നിലപാട് എടുക്കുന്നു എന്നുള്ളതാണ് പ്രധാനം. അതുകൊണ്ട് ചാണ്ടി ഉമ്മൻ പാനലിൽ നിന്ന് രാജി വെക്കേണ്ട ആവശ്യമില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നി‍ർദ്ദേശം.

dot image
To advertise here,contact us
dot image