തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പ് റദ്ദാക്കി. ബാലറ്റ് പേപ്പറുകള്‍ കാണാന്‍ ഇല്ലെന്നാരോപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയതോടെ സെനറ്റ് ഹാളില്‍ സംഘര്‍ഷം രൂക്ഷമാണ്. കെഎസ്‌യു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് എസ്എഫ്‌ഐ ആരോപണം.
15 ബാലറ്റുകള്‍ കാണാനില്ലെന്നാണ് എസ്എഫ്‌ഐ അവകാശപ്പെടുന്നത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അറിഞ്ഞുകൊണ്ടാണ് ഈ നീക്കം. വോട്ടെടുപ്പ് നിര്‍ത്തിവെക്കാനായി കെഎസ്‌യു സംഘര്‍ഷം ഉണ്ടാക്കിയെന്നും എസ്എഫ്‌ഐ ആരോപിച്ചു.
അതിനിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പടക്കം പൊട്ടിച്ച് എസ്എഫ്‌ഐ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 20 ബാലറ്റുകള്‍ എടുത്തുമാറ്റിയെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്.
സംസ്ഥാന അധ്യക്ഷന്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്‌ഐ അക്രമം അഴിച്ചുവിടുകയാണെന്ന് കെഎസ്‌യു ആരോപിച്ചു. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.