നിലമ്പൂർ: പൊലീസിന്റെ നിയമവിരുദ്ധ മൊഴിയെടുപ്പിനെത്തുടർന്ന് താമസം മാറി അതിജീവിതയും മകനും. പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ട അതിജീവിതയുടെ പൊന്നാനിയിലെ വീട്ടിലാണ് പൊലീസെത്തി രാത്രി നിയമവിരുദ്ധമായി മൊഴി രേഖപ്പെടുത്തിയത്. അതിജീവിത താമസം മാറി മറ്റൊരു നാട്ടിലേക്ക് പോയി. ഒന്നും പറയാതെ പെട്ടെന്നാണ് യൂണിഫോം ധരിച്ച് പൊലീസുകാർ കയറിവന്നത്. പൊലീസുകാരെ കണ്ട് ഭയന്ന് വിറച്ചെന്ന് അതിജീവിത റിപ്പോർട്ടറിനോട് പറഞ്ഞു.
മകനോടൊപ്പമാണ് അതിജീവിത താമസം മാറിയത്. നാട്ടുകാർക്ക് മുന്നിൽ തൻറെ സ്വകാര്യത ഇല്ലാതായെന്നും പുരുഷ പൊലീസ് ഉദ്യോഗസ്ഥൻ മോശം ചോദ്യങ്ങൾ ചോദിച്ചുവെന്നും അതിജീവിത പറഞ്ഞു. വീഡിയോഗ്രാഫറും പുരുഷനായിരുന്നു. നാല് പൊലീസുദ്യോഗസ്ഥരും യൂണിഫോം ധരിച്ചാണ് എത്തിയത്.
വീടിന് മുന്നിൽ രണ്ട് പൊലീസ് വാഹനങ്ങൾ നിർത്തി. യൂണിഫോം ധരിച്ച പൊലീസ് ഉദ്യോഗസ്ഥരെ കാവൽ നിർത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറ് മുതൽ രാത്രി 10 വരെ ആയിരുന്നു മൊഴിയെടുപ്പ്. മലപ്പുറം എസ് പിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊലീസ് എത്തിയത്.
മലപ്പുറം ജില്ലാ അഡീഷണൽ എസ് പിയാണ് പുരുഷ പൊലീസ്. വൈകീട്ട് ആറുമണിക്ക് ശേഷം സ്ത്രീകളുടെ മൊഴിയെടുക്കാൻ പാടില്ലെന്നും
യൂണിഫോം ധരിച്ച് എത്തരുതെന്നുമാണ് നിയമം. അതിജീവിതയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്നുമുണ്ട്. ഇതെല്ലാം ലംഘിച്ചായിരുന്നു മൊഴിയെടുപ്പെന്നും അവർ പറഞ്ഞു.