തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി പറഞ്ഞ രേഖകളെല്ലാം ഹാജരാക്കിയെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സർക്കാരിന് ഒന്നും മറച്ച് വയ്ക്കാനില്ല. തുടർനടപടി സ്വീകരിക്കാൻ കോടതിയുടെ ഇടപെടൽ ആവശ്യമാണ്. ഹൈക്കോടതിയുടെ ഇന്നലത്തെ തീരുമാനങ്ങൾ വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കും. സിനിമാ നയം കരട് പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.
ഷൂട്ടിംഗ് സൈറ്റുകളിലെ പരാതി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും. സർക്കാർ സ്ത്രീ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നവരാണ്. സ്ത്രീ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. പരാതി നൽകാനുള്ളവർ നൽകണം. ഒരു വിട്ടുവീഴ്ചയും സർക്കാർ ചെയ്യില്ല. നടപടി എന്താണ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. റിപ്പോർട്ട് പുറത്തുവിടരുത് എന്ന് പറഞ്ഞത് ഹേമ കമ്മീഷൻ തന്നെയാണ്. പുറത്തു വിടാത്തിന്റെ വിവരം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കോടതി സ്വീകരിച്ചത് ഉചിതമായ നിലപാടാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് കനത്ത പ്രഹരമാണ് ഇന്നലെ ലഭിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. ഒപ്പം ഹേമ കമ്മിറ്റി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറാൻ സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിർദ്ദേശം.
പ്രത്യേക ബെഞ്ചിന്റെ അടുത്ത സിറ്റിംഗ് ഒക്ടോബര്‍ മൂന്നിനായിരിക്കും. താര സംഘടനയായ എഎംഎംഎയ്ക്കും ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്. ഹർജിയിൽ ഹൈക്കോടതി എഎംഎംഎയെയും കക്ഷി ചേർത്തിട്ടുണ്ട്. കക്ഷികള്‍ സ്ത്രീപക്ഷത്തുനിന്ന് നിലപാടറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.