കൊച്ചി: മുകേഷിൽ നിന്ന് സഹായം തേടിയിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടനും എംഎൽഎയുമായ എം മുകേഷിനെതിരെ ആരോപണം ഉന്നയിച്ച പരാതിക്കാരി. മകളുടെ ഫീസ് നൽകാൻ വേണ്ടി മുകേഷിൽ നിന്ന് സഹായം തേടിയിരുന്നു. 25,000 രൂപയാണ് മുകേഷിനോട് ചോദിച്ചത്. പണമില്ലെന്നാണ് മുകേഷ് അന്ന് മറുപടി നൽകിയത്. മുകേഷിനോട് പണം ചോദിച്ചത് തെറ്റായി തോന്നുന്നില്ലെന്നും പരാതിക്കാരി റിപ്പോർട്ടർ ചാനലിനോട് പ്രതികരിച്ചു.
പണം ചോദിച്ചപ്പോൾ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു മുകേഷിന്റെ പ്രതികരണം. പിന്നീടൊരിക്കൽ തന്റെ ഫോണിൽ നിന്ന് മുകേഷിന് മെസേജ് അയച്ച് കസിൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. 2022ൽ കസിനോട് ദുരനുഭവം ഉണ്ടായതിനെ കുറിച്ച് പറഞ്ഞിരുന്നു. തുടർന്നാണ് കസിൻ ഇത്തരമൊരു കാര്യം ചെയ്തതെന്നും പരാതിക്കാരി പറഞ്ഞു.
ജാമ്യം കിട്ടിയെന്ന് കരുതി ആരും കുറ്റവിമുക്തനാകുന്നില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. മുകേഷിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ ആത്മവിശ്വാസം നഷ്ടപ്പെട്ടു. സ്വന്തം കാര്യം പോലും നോക്കാതെയാണ് അന്വേഷണത്തിനൊപ്പം നിൽക്കുന്നത്. അന്വേഷണത്തിന് എസ്ഐടിയെ സ്വതന്ത്രമായി വിടണം.
തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്ഐടി നടത്തിയ പരിശോധനയക്ക് ശേഷം ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ കഴിയുന്നില്ല.
എസ്ഐടിയാണോ മറ്റാരെങ്കിലുമാണോ ഇതിന് പുറകിലെന്ന് അറിയില്ല. മുകേഷിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകാതായതോടെ അന്വേഷണത്തിൽ വിശ്വാസം കുറഞ്ഞു. ആരാണ് മുകേഷിനെ സംരക്ഷിക്കുന്നത് എന്നറിയില്ലെന്നും പരാതിക്കാരി റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണിൽ പറഞ്ഞു.