അകാല വേര്‍പാട് ദേശീയ രാഷ്ട്രീയത്തിന് തീരാനഷ്ടം, നഷ്ടമായത് അടുത്ത സുഹൃത്തിനെ: എ കെ ആന്റണി

യെച്ചൂരിയുടെ നഷ്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് എ കെ ആൻ്റണി

dot image

തിരുവനന്തപുരം: സീതാറാം യെച്ചൂരി വ്യക്തിപരമായി അടുപ്പമുണ്ടായിരുന്ന നേതാവെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആൻ്റണി. യെച്ചൂരിയുടെ അകാല വേർപാട് ഇന്ത്യൻ ജനാധിപത്യ മതേതര ശക്തികൾക്ക് തീരാനഷ്ടമാണെന്നും എ കെ ആന്റണി പറഞ്ഞു. അടുത്ത സുഹൃത്തിനെയാണ് നഷ്ടമായത്. രാജ്യസഭയിൽ വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ പ്രസംഗം കാതോർത്തിരുന്നിട്ടുണ്ട്. ഒന്നാം യുപിഎ കാലത്താണ് തമ്മിൽ കൂടുതൽ അടുത്തത്. ഇന്ത്യമുന്നണിയിലെ പ്രധാനിയായിരുന്നു യെച്ചൂരി. അദ്ദേഹത്തിന്റെ നഷ്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടമാണെന്നും എ കെ ആൻ്റണി വ്യക്തമാക്കി.

യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്നും രാജ്യത്തെ അറിഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു. രാജ്യത്തെ അറിഞ്ഞ, ഇന്ത്യയെന്ന ആശയങ്ങളുടെ സംരക്ഷകനാണ് യെച്ചൂരിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങളുടെ നീണ്ട ചര്‍ച്ചകള്‍ എനിക്ക് നഷ്ടമാകും, അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു'; രാഹുല്‍ ഗാന്ധി പറഞ്ഞു.

യെച്ചൂരി അടിയുറച്ച കമ്യൂണിസ്റ്റുകാരനാണെന്നും അതിനപ്പുറത്തേക്ക് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തിബന്ധം വെച്ചുപുലര്‍ത്തുന്നയാളാണെന്നും വേണുഗോപാലും അനുശോചിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു യെച്ചൂരിയുടെ അന്ത്യം. 72 വയസ്സായിരുന്നു. ദിവസങ്ങളായി ന്യുമോണിയ ബാധിതനായി ചികിത്സയിലായിരുന്നു യെച്ചൂരി.

2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച് നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടിരുന്നു. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത്.

dot image
To advertise here,contact us
dot image