കൊച്ചി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ പ്രതികരിച്ച് നടന്‍ മമ്മൂട്ടി. തന്റെ ദീര്‍ഘകാല സുഹൃത്തായ യെച്ചൂരിയുടെ വിയോഗവാര്‍ത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. സമര്‍ത്ഥനായ രാഷ്ട്രീയ നേതാവ്, അതിശയിപ്പിച്ച മനുഷ്യന്‍, തന്നെ ഏറ്റവും അടുത്ത് മനസിലാക്കിയ സുഹൃത്ത്, ഇതൊക്കെയായിരുന്നു സീതാറാം യെച്ചൂരി. അദ്ദേഹത്തെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തില്‍ പ്രതികരിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ദീര്‍ഘകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിരുന്ന വിപ്ലവകാരിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞത്. സീതാറാമിന്റെ നഷ്ടം പാര്‍ട്ടിക്ക് നികത്താന്‍ കഴിയാത്തതെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് ഇ പി ജയരാജന്‍ പ്രതികരിച്ചു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവിന്റെ വിയോഗം വേദനിപ്പിക്കുന്നതെന്ന് സിപിഐഎം നേതാവ് എം എ ബേബിയും പറഞ്ഞു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു സീതാറാം യെച്ചൂരി. ഇതിനിടെ ആരോഗ്യനില മോശമായി. ഇന്ന് വൈകിട്ടോടെയായിരുന്നു യെച്ചൂരിയുടെ വിയോഗം. സിപിഐഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളന കാലയളവിലാണ് സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കുന്നത് എന്നത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്.